രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മലമുകളില്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി രാഹുല്‍ ഈശ്വറിന്റെ പുതിയ പോസ്റ്റ്

single-img
26 October 2018

ശബരിമല യുവതീപ്രവേശത്തിനെതിരായ പ്രതിഷേധത്തിൽ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പ്രമോദ് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടയ്ക്കാൻ പദ്ധതിയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിനെതിരെയാണ് പരാതിയെന്ന് എസ്ഐ പ്രമോദ് അറിയിച്ചു. ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകൾ പ്രകാരമാണ് കേസ്.

അതേസമയം മലമുകളില്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു എന്ന കുറിപ്പുമായി രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ്. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലാണ് രാഹുല്‍ വാക്കി ടോക്കികളുമായുള്ള സെല്‍ഫിയുമായി പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘ഏഴ് ദിവസത്തെ ജയില്‍ വാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കയാണ്. മല മുകളില്‍ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പ ഭക്തര്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികള്‍. ആദിവാസി സഹോദരീ സഹോദരന്മാര്‍ക്കും മുസ്‌ലി ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്കും സഹകരണങ്ങള്‍ക്ക് നന്ദി’ രാഹുല്‍ പോസ്റ്റില്‍ കുറിച്ചു.