മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച വീട്ടമ്മ അറസ്റ്റില്‍

single-img
26 October 2018

മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ച വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ആറന്മുള ചെറുകോല്‍ സ്വദേശി മണിയമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശി സുനില്‍ കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മണിയമ്മ പിന്നീട് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ജാതീയമായി അധിക്ഷേപിച്ചതല്ലെന്നായിരുന്നു മണിയമ്മയുടെ വിശദീകരണം. ഇന്ന് രാവിലെയാണ് മണിയമ്മയെ അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.