ചെന്നിത്തലയുടേയും വി.എസ്.ശിവകുമാറിന്റേയും ഖദര്‍മുണ്ടിനുള്ളില്‍ കാക്കി ട്രൗസറാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; രാഹുല്‍ ഈശ്വര്‍ വിഷജന്തു

single-img
26 October 2018

ആര്‍.എസ്.എസില്‍ നിന്ന് അച്ചാരം വാങ്ങിയവരാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരം എം.എല്‍.എ വി.എസ്. ശിവകുമാറുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതുകൊണ്ടാണിവര്‍ പത്തനംതിട്ടയില്‍ പോയി ശബരിമല വിധിയുടെ പേരില്‍ നിരാഹാരം കിടന്നത്.

ഖദറിനടിയില്‍ കാക്കി നിക്കറിട്ട് നടക്കുന്ന ചെന്നിത്തലയാണ് വിധിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പത്തനംതിട്ടയില്‍ ആദ്യമായി ഉപവാസമിരിക്കാന്‍ പോയതെന്നും കടകംപള്ളി വിമര്‍ശിച്ചു. ഏതെങ്കിലും ഗൂഢ ലക്ഷ്യത്തോടെ സിപിഎമ്മിന് ശബരിമലയിലേക്ക് ജീവനക്കാരെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമില്ല. സിപിഎം ശബരിമലയിലേക്ക് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുന്നുവെന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി ശബരിമലയില്‍ കരാറടിസ്ഥാനത്തില്‍ പോകുന്ന കുറേ ആള്‍ക്കാരുണ്ട്. അവര്‍ക്ക് തുച്ഛമായ വേതനമാണ് കിട്ടുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെയാണ് അവരവിടെ പ്രവര്‍ത്തിക്കുന്നത്. അതില്‍ സിപിഎം അനുഭാവികളുണ്ടാകാമെന്നല്ലാതെ സിപിഎം പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.

സിപിഎം പ്രവര്‍ത്തകരെ ദേവസ്വം ബോര്‍ഡിന്റെ കരാര്‍ ജീവനക്കാരായി അയക്കുന്നുവെന്ന വാര്‍ത്ത തികച്ചും വ്യാജപ്രചരണം മാത്രമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെയ്ക്കാന്‍ പോകുന്നു എന്നതും വ്യാജപ്രചരണമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് ഇതു വരെ നേരിട്ടിട്ടില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ നേരിടുന്നതെന്നും പ്രതിസന്ധികളും പ്രയാസങ്ങളും ഭരണാധികാരിക്ക് നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അക്കാരണത്താല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഈശ്വര്‍ വായില്‍ നിന്ന് വിഷം വമിക്കുന്ന വിഷജന്തുവാണ്. ചോര ഒഴുക്കിയോ മൂത്രമൊഴിച്ചോ ശബരിമല നടയടയ്ക്കാന്‍ മാര്‍ഗം കണ്ടെത്തിയെന്ന് പറഞ്ഞത് രാഹുല്‍ ഈശ്വര്‍ എന്ന വിഷജന്തുവാണ്.

ഇതുവഴി വലിയ ഗൂഢാലോചനയുടെ ചുരുളാണ് അഴിഞ്ഞത്. നട അടയ്ക്കാനുള്ള എളുപ്പവഴി നടയില്‍ പെടുക്കലാണ് എന്ന് പറയാന്‍ മടിയില്ലാത്ത പരമനാറികളാണിവരെന്നും കടകംപള്ളി വിമര്‍ശിച്ചു. ‘ശബരിമലയില്‍ വിശ്വാസി സമൂഹത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതില്‍ ഒരു തരിമ്പും സര്‍ക്കാര്‍ പിറകോട്ട് പോവില്ല. എന്നാല്‍ വര്‍ഗീയവിഷം ചീറ്റുന്ന നികൃഷ്ടജീവികളോട് ഒരൊത്തുതീര്‍പ്പിനുമില്ല താനും. വര്‍ഗീയ വിദ്വേഷം പരത്തുന്ന വ്യാജപ്രചരണം സാധാരണക്കാരും നിഷ്‌കളങ്കരുമായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനിടയാക്കി’ മന്ത്രി പറഞ്ഞു.