പൊലീസ് ഗാലറിക്കുവേണ്ടി കളിക്കരുത്; വീഴ്ച വന്നാല്‍ കടുത്ത വില നല്‍കേണ്ടി വരും; കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

single-img
26 October 2018

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അറസ്റ്റുകളില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. അക്രമ സംഭവങ്ങള്‍ നടന്നുവെങ്കില്‍ അതിലെ കുറ്റക്കാരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും അല്ലാതെ വന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് കോടതി പറഞ്ഞു. അറസ്റ്റുകള്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. അക്രമങ്ങളുമായി ബന്ധമില്ലാത്തവരെ പൊലീസ് അറസ്റ്റു ചെയ്യരുതെന്നാണു വാക്കാലുള്ള പരാമര്‍ശം.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാം, പക്ഷേ ഭീതി പരത്താന്‍ വേണ്ടി നടപടി പാടില്ല. അറസ്റ്റിന്റെ കാര്യത്തില്‍ സര്‍ക്കാരിനു വീഴ്ച വന്നാല്‍ കടുത്ത വില നല്‍കേണ്ടി വരും. ഭക്തരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് നടപടിക്രമങ്ങള്‍ പാലിക്കാതെ പൊലീസ് ഭക്തരെ അറസ്റ്റു ചെയ്യുകയാണെന്ന് ആരോപിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ്കുമാറും പമ്പ സ്വദേശി സുരേഷ്‌കുമാറും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണു ഹൈക്കോടതിയുടെ വാക്കാലുള്ള നിര്‍ദേശം.