വിന്‍ഡീസിന്റെ ജയം തടഞ്ഞ് മത്സരം സമനിലയിലാക്കിയതിന് പിന്നില്‍ ധോണിയുടെ തന്ത്രമായിരുന്നുവെന്ന് കുല്‍ദീപ് യാദവ്

single-img
26 October 2018

വിശാഖപട്ടണത്ത് നടന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം സമനിലയിലാണ് കലാശിച്ചത്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന വിന്‍ഡീസ് അവസാനപന്തില്‍ ബൗണ്ടറിയോടെയാണ് സമനില സ്വന്തമാക്കിയത്. ഇതിനിടെ അവസാന പന്തില്‍ ഇന്ത്യ ഒരുക്കിയ ഫീല്‍ഡ് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

വൈഡായി വരുന്ന പന്തിനനുസരിച്ചായിരുന്നു ഫീല്‍ഡ്. ഈ മിടുക്കിന് പിന്നില്‍ ധോണിയുടെ തന്ത്രമായിരുന്നുവെന്ന് കുല്‍ദീപ് യാദവ് പറഞ്ഞു. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഉമേഷ് സമ്മര്‍ദത്തിലാകാതെ വളരെ കരുതലോടെ തന്നെ പന്തെറിഞ്ഞപ്പോള്‍ അവസാന പന്തില്‍ 5 റണ്‍സായി വിന്‍ഡീസിന്റെ വിജയലക്ഷ്യം.

അവസാന പന്തിന് മുന്‍പ് നായകന്‍ കോഹ്‌ലിയുമായി ചര്‍ച്ച ചെയ്ത് ഫീല്‍ഡ് തയ്യാറാക്കിയത് എംഎസ്ഡിയായിരുന്നു. ധോണി തേര്‍ഡ് മാനെ 30 വാര സര്‍ക്കിളിനകത്ത് കൊണ്ടുവരികയും പോയിന്റ് ഫീല്‍ഡറെ ഡീപ് ബാക്ക്‌വേര്‍ഡ് പോയിന്റിലേക്ക് ഇറക്കിനിര്‍ത്തുകയും ചെയ്തു.

എന്നാല്‍ ഉമേഷിന്റെ വൈഡ് യോര്‍ക്കര്‍ ഡീപ് പോയിന്റിലേക്ക് അതിവേഗം അടിച്ചകറ്റി ഹോപ് മത്സരം സമനിലയിലാക്കി. റായിഡു ചാടി വീണെങ്കിലും വിരലുകള്‍ക്കിടയിലൂടെ പന്ത് ബൗണ്ടറി കടക്കുകയായിരുന്നു. മുന്‍പും നിരവധി തവണ ഇത്തരം സാഹചര്യങ്ങളില്‍ ധോണി രക്ഷകനായിട്ടുണ്ട്. ഇത്തവണ ധോണിയുടെ പ്ലാന്‍ ചെറുതായി പാളിയെങ്കിലും വിന്‍ഡീസിനെ ജയത്തില്‍ നിന്ന് തടയാനായത് ആശ്വാസമായി.