ദീപാവലി സമ്മാനമായി വജ്ര വ്യാപാരി ജീവനക്കാര്‍ക്ക് നല്‍കിയത് 600 കാറുകള്‍

single-img
26 October 2018

ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് വജ്ര വ്യാപാരി സമ്മാനിച്ചത് 600 കാറുകള്‍. ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് കട്ടിംഗ്, പോളിസിങ് സെന്ററായ ശ്രീ ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് ഉടമ സാവ്ജി ധോലാകിയയാണ് ദീപാവലിയോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് വ്യാഴാഴ്ച്ച കാറുകള്‍ സമ്മാനിച്ചത്.

1500 ജീവനക്കാരില്‍ 600 പേര്‍ക്ക് കാറുകള്‍ ലഭിക്കുമ്പോള്‍ 900 പേര്‍ക്ക് സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഇതിനായി 50 കോടി രൂപയാണ് കമ്പനി ചെലവിടുന്നത്. 2011ലാണ് മികച്ച ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം നല്‍കുന്ന രീതി ആരംഭിച്ചത്.

2014ല്‍ ദീപാവലിയോട് അനുബന്ധിച്ച് 700 ഫ്‌ളാറ്റുകളും 525 വജ്രാഭരണങ്ങളുമാണ് ദോലാക്യ സമ്മാനമായി നല്‍കിയത്. 6000 കോടി വാര്‍ഷിക വരുമാനമുള്ള കമ്പനിയാണ് ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ടേഴ്‌സ്. 5500 തൊഴിലാളികളാണ് അവിടെ ജോലി ചെയ്യുന്നത്.

നേരത്തെ, ജീവിതം എന്തെന്ന് പഠിക്കുന്നതിനായി മകന്‍ ദ്രവ്യയെ ജാവ്ജി ഏഴായിരം രൂപ മാത്രം നല്‍കിയ ശേഷം കൊച്ചിയിലേക്ക് അയച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലെ ദുധാല ഗ്രാമത്തില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ച് അഞ്ചാം ക്ലാസുവരെ പഠിച്ച ധോലാക്യ കഠിന പരിശ്രമത്തിലൂടെയാണു വമ്പന്‍ സ്ഥാപനം പടുത്തുയര്‍ത്തിയത്.