പളനിസാമിക്ക് ആശ്വാസം: ദിനകരപക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു

single-img
25 October 2018

തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. സ്പീക്കര്‍ പി. ധനപാലിന്റെ നടപടി മദ്രാസ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ജസ്റ്റിസ് എം. സത്യനാരായണനാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ഇതോടെ ടി.ടി.വി. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാരുടെ അയോഗ്യത നിലനില്‍ക്കും.

പളനിസാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 2017 സെപ്റ്റംബര്‍ 18ന് ഗവര്‍ണറെ സമീപിച്ചതിനെ തുടര്‍ന്നാണ് 18 എംഎല്‍എമാരെ പി. ധനപാലന്‍ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയിലായിരുന്നു സ്പീക്കറുടെ നടപടി.

സ്പീക്കറുടെ തീരുമാനത്തിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റീസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചിന് ഏകാഭിപ്രായത്തില്‍ എത്താനായില്ല. ചീഫ് ജസ്റ്റീസ് സ്പീക്കറുടെ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് സുന്ദര്‍ എംഎല്‍എമാര്‍ക്ക് അനുകൂലമായി വിധിച്ചു.

പിന്നീട് കേസില്‍ ഇടപെട്ട സുപ്രീംകോടതി കേസ് വാദം കേള്‍ക്കാന്‍ ജസ്റ്റീസ് എം. സത്യനാരായണനെ നിയോഗിക്കുകയായിരുന്നു. അതേസമയം ‘ഇതൊരു തിരിച്ചടിയായി ഞങ്ങള്‍ കണക്കാക്കുന്നില്ല. ഇതൊരു അനുഭവമാണ്. ഈ സാഹചര്യത്തെ ഞങ്ങള്‍ നേരിടും. 18 എംഎല്‍എമാരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കും’ – വിധിയെക്കുറിച്ച് ടി.ടി.വി. ദിനകരന്‍ വ്യക്തമാക്കി.

വിധി എം.എല്‍.എ.മാര്‍ക്ക് അനുകൂലമായാല്‍ ഭരണപക്ഷം നിയമസഭയില്‍ ന്യൂനപക്ഷമാകുന്ന സാഹചര്യം ഉണ്ടാവുകയും വിമതരുടെ അംഗസഖ്യ 25 ആയി ഉയരുകയും ചെയ്യുമായിരുന്നു. ഇതോടെ ഭരണപക്ഷത്തിന്റെ അംഗബലം 110 ആയി കുറയും. ഇത് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യമുണ്ടാക്കുമായിരുന്നു.

ഇന്ന് വിധി വരാനിരുന്ന സാഹചര്യത്തില്‍ കൂറുമാറിയ 18 എംഎല്‍എമാരും രണ്ട് സ്വതന്ത്ര എംഎല്‍എമാരും അടക്കം 20 എംഎല്‍എമാരെ കുറ്റാലത്തുള്ള റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. രണ്ട് എല്‍എല്‍എമാര്‍ മരണപ്പെട്ടത് ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ 20 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

2017 സെപ്റ്റംബര്‍ 18നാണ് തങ്കതമിഴ്‌ശെല്‍വന്‍, ആര്‍. മുരുകന്‍, മാരിയപ്പന്‍ കെന്നഡി, കെ. കതിര്‍ക്കാമു, സി. ജയന്തി പദ്മനാഭന്‍, പി. പളനിയപ്പന്‍, വി. സെന്തില്‍ ബാലാജി, എസ്. മുത്തയ്യ, പി. വെട്രിവേല്‍, എന്‍.ജി. പാര്‍ഥിപന്‍, എം. രങ്കസ്വാമി, ആര്‍. തങ്കദുരൈ, ആര്‍. ബാലസുബ്രഹ്മണി, എസ്. ജി. സുബ്രഹ്മണ്യന്‍, ആര്‍. സുന്ദര്‍രാജ്, കെ. ഉമാ മഹേശ്വരി എന്നീ അംഗങ്ങളെ് അയോഗ്യരാക്കിയത്.