എയര്‍സെല്‍മാക്‌സിസ് കേസില്‍ പി. ചിദംബരം ഒന്നാംപ്രതി

single-img
25 October 2018

എയര്‍സെല്‍ മാക്‌സിസ് അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഒമ്പതു പ്രതികളാണുള്ളത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇത്. കേസ് കോടതി ഈ മാസം 26നു പരിഗണിക്കും. കമ്പനിക്കു വിദേശത്തുനിന്നു നിക്ഷേപം സ്വീകരിക്കാന്‍, വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി നല്‍കാനുള്ള അധികാരം മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്കാണെന്നിരിക്കേ, ചിദംബരം ഇടപെട്ട് അനുമതി നല്‍കിയെന്ന് എയര്‍സെല്‍–മാക്‌സിസ് അഴിമതിയില്‍ സിബിഐയുടെ മറ്റൊരു കേസും നിലവിലുണ്ട്.

ചിദംബരത്തിന് 26 ലക്ഷം രൂപ കോഴയായി ലഭിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെന്നും പ്രതികളെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയിരുന്നു.

ന്യൂഡല്‍ഹി ജോര്‍ബാഗിലെ ഫ്‌ലാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകള്‍, യുകെയിലെ സോമര്‍സെറ്റിലുള്ള വീട്, സ്‌പെയിനിലെ ബാര്‍സിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) അനുസരിച്ചാണു നടപടിയെന്നു എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായിട്ടുള്ള കര്‍ണാല്‍ സിങിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. ഇതിനുമുന്നെയാണിപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസമാണ് ചിദംബരത്തെ പ്രതി ചേര്‍ത്തുകൊണ്ട് സി.ബി.ഐയും കുറ്റപത്രം സമര്‍പ്പിച്ചത്.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ല്‍ ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്, വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങള്‍ ലംഘിച്ചെന്ന കേസിലാണു നടപടി.