ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

single-img
25 October 2018

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. 14 വര്‍ഷം മുമ്പ് തനിക്ക് മെയിഡന്‍ ക്യാപ് ലഭിച്ച നിമിഷം താന്‍ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരിയറില്‍ ഉടനീളം ക്രിക്കറ്റിനോട് തോന്നിയ ആവേശം ജീവിതത്തില്‍ ഉടനീളം ഉണ്ടാവുമെന്നും ബ്രാവോ പറഞ്ഞു. അടുത്ത തലമുറയ്ക്ക് ദീപശിഖ കൈമാറാനുളള സമയമായി. ആരാധകരും കുടുംബവും കരിയറില്‍ ഉടനീളം നല്‍കിയ പിന്തുണയ്ക്ക് ബ്രാവോ നന്ദിയും പറഞ്ഞു.

35 വയസുകാരനായ ബ്രാവോ 2004ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 164 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 66 ട്വന്റി20യിലും വിന്‍ഡീസിനായി കളിച്ചു. 2016ല്‍ പാക്കിസ്ഥാനെതിരേയാണ് ഒടുവില്‍ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഏകദിനത്തില്‍ 199 വിക്കറ്റുകളും 2,960 റണ്‍സും ബ്രാവോ നേടിയിട്ടുണ്ട്.

ടെസ്റ്റില്‍ 2,200 റണ്‍സും 86 വിക്കറ്റുകളും സമ്പാദ്യമായുണ്ട്. ഐപിഎല്‍, ബിഗ്ബാഷ് ലീഗ് തുടങ്ങി നിരവധി ട്വന്റി20 ലീഗുകളില്‍ മിന്നും താരമാണ് ബ്രാവോ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടിയാണ് കളിക്കുന്നത്.