മന്ത്രി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ആരോപണം: ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കണമെന്ന വാട്‌സാപ് സന്ദേശത്തെ ചൊല്ലി വിവാദം

single-img
24 October 2018

തമിഴ്‌നാട് ഫിഷറീസ് മന്ത്രിയും അണ്ണാ ഡി.എം.കെ വക്താവുമായ ഡി. ജയകുമാറിനെതിരെ ലൈംഗികാരോപണം. ശുപാര്‍ശക്കു വേണ്ടി മന്ത്രിയെ സമീപിച്ച യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട രണ്ട് ശബ്ദസന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്.

പെണ്‍കുട്ടിയുടെ മാതാവിനെ ഫോണില്‍ ബന്ധപ്പെട്ട് ഉടനടി ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കണമെന്നാവശ്യപ്പെടുന്ന പുരുഷശബ്ദമാണ് ഒന്ന്. ഈ ശബ്ദം തമിഴ്‌നാട് ഫിഷറീസ് മന്ത്രിയും അണ്ണാ ഡി.എം.കെ വക്താവുമായ ഡി. ജയകുമാറിന്റേതാണെന്നും ഇദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും ടി.ടി.വി ദിനകരന്‍ വിഭാഗം നേതാവ് തങ്കതമിഴ്‌ശെല്‍വന്‍ ആവശ്യപ്പെട്ടു.

മറ്റൊരു ശബ്ദശകലം യുവതിയുടെ മാതാവിന് സാമ്പത്തികസഹായം വാഗ്ദാനം ചെയ്യുന്നതാണ്. ഇതിനിടെ ആഗസ്റ്റ് ഒമ്പതിന് യുവതി പ്രസവിക്കുകയും ചെയ്തു. ജനിച്ച ആണ്‍കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവ് ഡി. ജയകുമാര്‍ എന്നും മാതാവ് ജെ. സിന്ധുവെന്നും ആണ് രേഖപ്പെടുത്തിയിട്ടള്ളത്.

എന്നാല്‍, ആരോപണത്തിനു പിന്നില്‍ ടി.ടി.വി ദിനകരനും സംഘവുമാണെന്ന് ഡി. ജയകുമാര്‍ ആരോപിച്ചു. ഏതു വിധത്തിലുള്ള പരിശോധനക്കും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദ സന്ദേശം വ്യാജമാണെന്ന് അവകാശപ്പെടുന്ന ജയകുമാര്‍, ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ദിനകരന്‍ വിഭാഗം നേതാവ് വെട്രിവേല്‍ പറഞ്ഞു.

ജയകുമാര്‍ മന്ത്രിസ്ഥാനം രാജിവെച്ചാലേ പെണ്‍കുട്ടി പരാതിയുമായി രംഗത്തുവരു എന്നും വെട്രിവേല്‍ പറഞ്ഞു. പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.