Kerala

ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് റൂം കത്തി നശിച്ചു; സംഭവം തിരുവനന്തപുരത്ത്

ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു വീടിന്റെ കിടപ്പുമുറി കത്തി നശിച്ചു. തിരുവനന്തപുരം പുത്തൂര്‍ ചെറുപൊയ്ക തെക്ക് ഓതിരംമുകള്‍ റിനു ഭവനില്‍ ലീലാമ്മ പാപ്പച്ചന്റെ വീട്ടിലാണ് വൈകിട്ടു മൂന്നരയോടെ തീപിടിത്തമുണ്ടായത്.

ലീലാമ്മയും മരുമകളും മാത്രമായിരുന്നു ഇവിടെ. ഇവര്‍ വീടിനു പുറത്തു ജോലിയിലായിരുന്നു. കിടപ്പുമുറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഓടിയെത്തിയപ്പോള്‍ തീ ആളിപ്പടരുന്നതാണു കണ്ടത്. മുറിക്കുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്നു.

ഇത് ഉരുകിപ്പോയി. ലാപ്‌ടോപ്, കിടക്ക, മെത്ത, ഫാന്‍, അലമാര, ശുചിമുറിയുടെ കതക് എന്നിവയും കത്തിനശിച്ചു. ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ഭിത്തിക്കും പൊട്ടലുണ്ടായി. നാട്ടുകാര്‍ ഓടിക്കൂടിയാണു തീയണച്ചത്.