Kerala

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനു പുതിയ പ്രതീക്ഷകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍: പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള സാദ്ധ്യതാ പഠനത്തിന് അംഗീകാരം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി സാദ്ധ്യതാ പഠനം നടത്തും. സാദ്ധ്യതാ പഠനത്തിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഏറെ നാളത്തെ ആവശ്യമാണ് പുതിയ അണക്കെട്ട്.

ഉപാധികളോടെയാണു മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കി വേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ അണക്കെട്ട് നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നല്‍കുന്നത്. നേരത്തെ അനുമതി നല്‍കിയപ്പോള്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കേന്ദ്രത്തിന് കത്തയച്ചതിന്റെ അടിസ്ഥാനത്തില്‍ അനുമതി പിന്‍വലിക്കുകയായിരുന്നു.

അതിനിടെ, കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാറില്‍ പത്തംഗ ഉന്നതതല സംഘത്തെ തമിഴ്‌നാട് നിയോഗിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ കാഴ്ചക്കാരാക്കിയാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം. മൂന്നംഗ സമിതിയായ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയിലെ പ്രതിനിധിയും തമിഴ്‌നാട് പൊതുമരാമത്ത് സെക്രട്ടറിയുമായ പ്രഭാകറിന്റെ നേതൃത്വത്തിലാണ് പുതിയ സമിതിയെ നിയോഗിച്ചത്.

ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഉള്ള നടപടികള്‍ക്കാണ് തമിഴ്‌നാട് നീക്കം. പത്തംഗ സമിതി നിലവില്‍ വന്നതോടെ തമിഴ്‌നാട് പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകള്‍ക്ക് പുറമെ വനം, റവന്യൂ, ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ക്ക് പോലും ഡാമിനുമേല്‍ അധികാരം ലഭിക്കും. ഡാമിലേക്ക് എത്തുന്ന തമിഴ്‌നാട്ടിലെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെയും ഒപ്പമെത്തുന്ന വിനോദ സഞ്ചാരികളെയും കേരളാ പൊലീസിന് തടയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.

പ്രളയകാലത്ത് ഡാമിന്റെ ജലനിരപ്പ് 142നു മുകളില്‍ എത്തുകയും പ്രശ്‌നത്തില്‍ സുപ്രീംകോടതി ഇടപെട്ടതോടെ തമിഴ്‌നാട് ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കുകയുമായിരുന്നു. ജലനിരപ്പ് വീണ്ടും 142 അടിയാക്കി ഉയര്‍ത്താന്‍ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം.