Latest News, Sports

10000ത്തിന് പുറമെ 37ാം സെഞ്ച്വറിയും; റെക്കോർഡുകൾ കടപുഴക്കി ക്യാപ്റ്റൻ വിരാട് കോഹ്‍ലി

ഏകദിനത്തിലെ 37–ാം സെഞ്ചുറി, ഈ കലണ്ടർ വർഷത്തിൽ 1000 റൺസ്, ഏകദിന കരിയറിൽ 10,000 റൺസ് … വിശാഖപട്ടണം വൈ.എസ്. രാജശേഖരറെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റെക്കോർഡുകൾ കടപുഴക്കി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ മിന്നല്‍ കുതിപ്പ്. ഏകദിന ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് ആണ് വിരാട് കോലി മറികടന്നത്.

സച്ചിൻ പതിനായിരം റൺസ് നേടാൻ 259 ഇന്നിങ്സ് കളിച്ചപ്പോൾ കോലി കേവലം 205 ഇന്നിങ്സിൽ ഈ നാഴികക്കല്ല് പിന്നിട്ടു. 54 ഇന്നിങ്സിന്റെ വ്യത്യാസം. 2001 മാർച്ച് 31നായിരുന്നു സച്ചിന്റെ പതിനായിരം റൺസ് നേട്ടം. നേരത്തെ വിൻഡീസിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡിലും സച്ചിനെയാണ് കോലി പിന്നിലാക്കിയത്.

രണ്ടാം ഏകദിനത്തിൽ വിൻഡീസിന്റെ നേഴ്സ് എറിഞ്ഞ മുപ്പത്തിയേഴാം ഓവറിന്റെ മൂന്നാം പന്തിൽ ലോങ് ഒാണിലേയ്ക്ക് പായിച്ച് ഒരു റണ്ണെടുത്താണ് കോലി ചരിത്രത്തിൽ ഇടം നേടിയത്. കൈകൾ ആകാശത്തേയ്ക്ക് ഉയർത്തി വിവാഹ മോതിരത്തിൽ ചുംബിച്ചായിരുന്നു കോലിയുടെ ആഘോഷം.

കോഹ്‍ലി നടത്തിയ മിന്നൽക്കുതിപ്പിനൊടുവിൽ ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് 322 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 321 റൺസെടുത്തു. തുടർച്ചയായ രണ്ടാം മൽസരത്തിലും സെഞ്ചുറി നേടിയ കോഹ്‍ലി, 130 പന്തിൽ 13 ബൗണ്ടറിയും നാലു സിക്സും സഹിതം 157 റൺസുമായി പുറത്താകാതെ നിന്നു. 73 റൺസെടുത്ത അമ്പാട്ടി റായുഡു ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.

40 റൺസിനിടെ ഓപ്പണർമാർ ഇരുവരെയും നഷ്ടമായ ഇന്ത്യയ്ക്ക്, മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു (139) തീർത്ത കോഹ്‍ലി–റായുഡു സഖ്യമാണ് മികച്ച സ്കോറിനുള്ള അടിത്തറ സമ്മാനിച്ചത്. കോഹ്‍ലിയുടെ മിന്നൽ പ്രകടനത്തിന്റെ ബലത്തിൽ അവസാന 10 ഓവറിൽനിന്നു മാത്രം ഇന്ത്യ നേടിയത് 100 റൺസാണ്. അവസാന 30 പന്തിൽ മാത്രം നേടിയത് 61 റൺസ്!

ഓപ്പണർമാരായ രോഹിത് ശർമ (നാല്), ശിഖർ ധവാൻ (29), മഹേന്ദ്രസിങ് ധോണി (20), ഋഷഭ് പന്ത് (17), രവീന്ദ്ര ജഡേജ (13) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. വിൻഡീസിനായി ആഷ്‍ലി നഴ്സ്, അരങ്ങേറ്റ താരം ഓബദ് മക്കോയ് എന്നിവർ രണ്ടും കെമർ റോച്ച്, മർലോൺ സാമുവൽസ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.