National

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ നീക്കിയത് റഫാല്‍ കരാര്‍ രേഖകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അലോക് വര്‍മയെ നീക്കിയത് റഫാല്‍ രേഖകള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണെന്നു റിപ്പോര്‍ട്ട്. ദസോള്‍ട്ട് ഏവിയേഷനില്‍ നിന്നും 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തിനു സിബിഐ നടപടികള്‍ ആരംഭിച്ചിരുന്നതായി വയര്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും റഫാല്‍ കരാര്‍ സംബന്ധിച്ച് സിബിഐക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനു സിബിഐ തുനിഞ്ഞത്. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും തേടുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ അടുത്ത അനുയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും സംബന്ധിക്കുന്ന വിവരങ്ങളാണ് അലോക് വര്‍മ തേടിയത്. ഇതിനു പിന്നാലെയാണ് പുറത്താക്കല്‍.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത് റഫാല്‍ ഇടപാടില്‍ അന്വേഷണം തടയാനാണെന്ന് സന്നദ്ധ പ്രവര്‍ത്തകനും സുപ്രിം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും ആരോപിച്ചു. ഡയറക്ടറുടെ ചുമതല നല്‍കിയ നാഗേശ്വര്‍ റാവുവിനെതിരെയും ആരോപണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ തലപ്പത്തെ തമ്മിലടിക്കൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് നിലവിലെ ഡയറക്ടറായ അലോക് കുമാര്‍ വര്‍മ്മയെ ചുമതലകളില്‍ നിന്ന് നീക്കിയത്. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. സിബിഐ തലപ്പത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടിയുണ്ടായിരുന്നു.

അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍. നാഗേശ്വര റാവുവിനാണ് സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. സിബിഐ തലപ്പത്തെ ഉള്‍പ്പോര് പരസ്യമായതോടെ അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.