2020 മുതല്‍ രാജ്യത്ത് ബിഎസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാനാകില്ല

single-img
24 October 2018

2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ് സിക്‌സ് നിലവാരത്തിലുള്ള വാഹനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കാവൂ എന്ന് സുപ്രീം കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് 2017ല്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് വാഹന നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.

വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ജസ്റ്റിസ് മദന്‍ ബി ലോക്കുറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഈ ഉത്തരവ് നല്‍കിയത്. നിലവില്‍ ബിഎസ് ഫോര്‍ വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. ഓരോ വാഹനങ്ങളില്‍ നിന്നു പുറത്തേയ്ക്കു തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത് ഭാരത് സ്റ്റേജ് എമിഷന്‍ മാനദണ്ഡപ്രകാരമാണ്.

2020 ഏപ്രില്‍ 1 മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ബിഎസ് സിക്‌സ് നിര്‍ബന്ധമാണ്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതി ഉത്തരവ്. ബിഎസ് ഫൈവ് ഒഴിവാക്കി 2020ല്‍ ബിഎസ് സിക്‌സ് മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ 2016ല്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.