Movies

മോഹന്‍ലാലും ഇടവേള ബാബുവും രാജിക്കൊരുങ്ങുന്നു?

താരസംഘടനയായ അമ്മയില്‍ നിന്ന് താരങ്ങള്‍ കൂട്ട രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അമ്മയില്‍ നിന്ന് പുറത്താക്കിയതല്ല സ്വയം രാജിവെച്ചതാണെന്ന് വ്യക്തമാക്കി രാജികത്ത് ദിലീപ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് അമ്മയില്‍ പൊട്ടിത്തെറി രൂക്ഷമായത്.

വിവാദങ്ങളില്‍ മനംമടുത്ത് പ്രസിഡന്റ് സ്ഥാനം മോഹന്‍ലാലും ജനറല്‍ സെക്രട്ടറി സ്ഥാനം ഇടവേള ബാബുവും ഒഴിഞ്ഞേക്കുമെന്നാണ് സൂചന. താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടും ദിലീപ് തന്നെ തള്ളിപ്പറഞ്ഞത് മോഹന്‍ലാലിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ പറയുന്നത്.

ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന നിര്‍ണ്ണായക ഘട്ടത്തിലാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റായത്. 18 വര്‍ഷത്തോളമായി അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ഇടവേള ബാബുവും നിലവിലെ സംഭവ വികാസങ്ങളില്‍ അസ്വസ്ഥനാണ്.

നവംബര്‍ 24ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇരുവരുടെയും രാജിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റിനപ്പുറത്തേക്ക് തന്നെ വ്യക്തിപരമായി ആക്രമിക്കുന്ന ആരോപണങ്ങളോട് വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.