National

ട്രെയിന്‍ മരണവണ്ടിയായി പാഞ്ഞടുക്കുന്നത് കണ്ട് കൈയിലിരുന്ന കുഞ്ഞിനെ രക്ഷിക്കാനായി വലിച്ചെറിഞ്ഞ് അച്ഛന്‍; സാഹസികമായി രക്ഷപെടുത്തി വീട്ടമ്മ

പഞ്ചാബിലെ അമൃത്‌സറില്‍ ട്രെയിന്‍ മരണമണി മുഴക്കി ദസറ ആഘോഷിക്കുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി കവര്‍ന്നെടുത്തത് 61 പേരുടെ ജീവനായിരുന്നു. ആ ട്രെയിനിന്റെ മുമ്പില്‍ നിന്ന് മീനാദേവി എന്ന വീട്ടമ്മ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് സാഹസികമായാണ്.

പത്ത് മാസം മാത്രം പ്രായമുള്ള വിശാല്‍ എന്ന കുഞ്ഞിനെയാണ് മീനാകുമാരി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയത്. ബുദ്ധിറാം എന്ന യുവാവ് വിശാലുമായി ദസറ ആഘോഷം കണ്ടുനില്‍ക്കുമ്പോഴായിരുന്നു ട്രെയിന്‍ പാഞ്ഞടുത്തത്.

മരണം അടുത്തുവെന്ന് കണ്ടതോടെ ബുദ്ധിറാം കൈയിലിരുന്ന കുഞ്ഞിനെ ദുരേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞെങ്കിലും രക്ഷപ്പെടട്ടേയെന്ന വിചാരത്തോടെയായിരുന്നു ഈ കൃത്യമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ട്രെയിന്‍ വന്നു മുട്ടിയതും കയ്യിലിരുന്ന പിഞ്ചു കുഞ്ഞിനെ അയാള്‍ വലിച്ചെറിഞ്ഞതുമെല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ നടന്നു.

സ്തബ്ദ്ധരായി ജനക്കൂട്ടം നിന്നുപോയ ആ സമയത്ത് ട്രെയിന്‍ ചതച്ചരയ്ക്കും മുമ്പ് അയാള്‍ എടുത്തെറിഞ്ഞ കുഞ്ഞ് നിലത്തുവീഴാതെ മീനാദേവി ചാടി പിടിച്ചു. അനേകംപേരുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി ചതഞ്ഞരയുന്ന കാഴ്ചയ്ക്ക് സാക്ഷിയായെങ്കിലും ഒരു പിഞ്ചുജീവനെ രക്ഷിക്കാന്‍ പറ്റിയ സന്തോഷം മീനാദേവിക്കുണ്ട്.

തലയ്ക്ക് ചെറിയ പരുക്കേറ്റ കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി ഇവരുടെ വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് അധികൃതരുടെ സഹായത്തോടെ കുട്ടിയുടെ കുടുംബാംഗങ്ങളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ രാധികയ്ക്ക് പരിക്കേറ്റു. ഇവര്‍ അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ പിതൃസഹോദരിയുടെ ഭര്‍ത്താവും മകനും മരണമടഞ്ഞു.

കുഞ്ഞിന്റെ രക്ഷകയായ മീനദേവി നേപ്പാള്‍ സ്വദേശിനിയാണ്. വീട്ടുജോലിക്കായാണ് മീനേദേവി ഇന്ത്യയിലെത്തിയത്. നാട്ടുകാരും അയല്‍ക്കാരുമെല്ലാം മീനാകുമാരിയ്ക്ക് അഭിനന്ദനവുമായി എത്തുകയാണ്. ഞങ്ങള്‍ക്ക് മീനാകുമാരിയെ കുറിച്ച് അഭിമാനമുണ്ട്. അവര്‍ കുഞ്ഞിനെ രക്ഷിക്കുക മാത്രമല്ല ചെയ്തതെന്നും നല്ല സംരക്ഷണമാണ് കുഞ്ഞിന് നല്‍കുന്നതെന്നും മീനാകുമാരിയുടെ അയല്‍ക്കാരിയായ ആരതി കപൂര്‍ പറഞ്ഞു.