Latest News

ശബരിമലയെ കലാപഭൂമിയാക്കാന്‍ സംഘപരിവാര്‍ ഗൂഢപദ്ധതി തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി; പ്രശ്‌നമുണ്ടാക്കിയത് സംഘപരിവാര്‍ അല്ലെന്ന് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയതെന്നും ഇതിനായി ഗൂഢപദ്ധതി തയാറാക്കപ്പെട്ടിരുന്നെന്നും പിണറായി ആരോപിച്ചു.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഭരണഘടനാ പരമായ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. ശബരിമലയെ സംഘര്‍ഷഭൂമിയതാക്കല്‍ സര്‍ക്കാരിന്റെ ഉദ്ദേശമല്ല. അവിടെ സുപ്രീം കോടതി വിധിയനുസരിച്ച് വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു.

ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാര്‍ നടത്തിയത്. അതിനു ഗൂഡപദ്ധതികള്‍ സംഘപരിവാര്‍ നടപ്പാക്കി. പ്രതിഷേധത്തിന്റെ പേരില്‍ പന്തല്‍ കെട്ടി സമരം നടത്തുമ്പോള്‍ സര്‍ക്കാര്‍ എതിരുനിന്നില്ല. എന്നാല്‍ അവിടെ എത്തിയ വിശ്വാസികള്‍ക്കുനേരെ പരിശോധനയും ആക്രമണമുണ്ടായി. ശബരിമലയിലേക്കു പോയ സാധാരണ ഭക്തര്‍ക്കും തടസം സൃഷ്ടിക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും ആക്രമണമുണ്ടായി.

സര്‍ക്കാരോ പോലീസോ ഒരു വിശ്വാസിയേയും തടഞ്ഞിട്ടില്ല. സംഘപരിവാറിന്റെ അക്രമമുഖം ദൃശ്യങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ മര്യാദകളെയും സംഘപരിവാര്‍ നിയമം ലംഘിച്ചു കൈയിലെടുത്തു. വനിതകള്‍ക്കുനേരെ ആക്രമണവും തെറിയഭിഷേകവുമുണ്ടായി.

ഇവരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഇത് സംഘപരിവാര്‍ ഒരു ഗൂഢപദ്ധതി തയാറാക്കി എന്നതിന്റെ ഉദാഹരണമാണ്. യുവതികളെയും അവരുടെ വീടുകളും ആക്രമിക്കാന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കി. ഇരുമുടിക്കെട്ട് എടുത്ത് ശബരിമലയിലേക്ക് എത്തണമെന്ന വോയിസ് സന്ദേശങ്ങള്‍ ആസൂത്രണത്തിന്റെ ഭാഗമാണ്. ഇതിന് ആര്‍എസ്എസ് നേതൃത്വം നല്‍കി. ശബരിമലയെ ഒരു സംഘര്‍ഷഭൂമിയാക്കാനാണ് ആര്‍എസ്എസ് ശ്രമം. ഭക്തിയുടെ പേരു പറഞ്ഞ് അവര്‍ അക്രമികളുടെ കേന്ദ്രമാക്കാന്‍ ശ്രമിച്ചു. അങ്ങനെ ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് നടപ്പില്ല.

സന്നിധാനത്തെ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അവിടെ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ പുറത്താക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്. അത് സര്‍ക്കാര്‍ നിറവേറ്റും. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി പോലും പരിഗണിക്കാതെ അഴിച്ചുവിട്ട അതിക്രമങ്ങളെ അംഗീകരിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയതു പരാജിതന്റെ പരിദേവനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. തന്ത്രിയെ അപമാനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതു ശരിയായില്ല. ക്ഷേത്ര പിതൃസ്ഥാനീയനായ തന്ത്രിയായി അവതരിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

തെറ്റുപറ്റിയെങ്കില്‍ മുഖ്യമന്ത്രി അതു സമ്മതിക്കണം. മുഖ്യമന്ത്രി ആരോപിക്കുന്നതുപോലെ ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ അല്ല. സത്യമാണ് ഈശ്വരന്‍. ബിജെപിയുടെ പരിപാടി പത്തനംതിട്ടയിലേക്കു മാറ്റിയത് കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്.

പുറത്തുനിന്നുള്ളവര്‍ അതില്‍ ഇടപെടുമെന്ന് ഉറപ്പുണ്ടായിരുന്നു. അക്രമങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്നതിന് എന്തു തെളിവാണുള്ളത്. വിഷയത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പിന് മുഖ്യമന്ത്രി തയാറാകണം. ഇതിന്റെ അടിവേരുകളെല്ലാം സിപിഎമ്മില്‍ ഉള്‍പ്പെട്ടവരാണെന്നു തെളിയും–- ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.