ഗള്‍ഫിലിരുന്ന് മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിലൂടെ ഭാര്യയെ ആത്മഹത്യക്കു പ്രേരിപ്പിച്ചു; പയ്യന്നൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

single-img
23 October 2018

പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്തെ തായമ്പത്ത് സിമി (31) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അഴീക്കോട് അഴീക്കല്‍ചാല്‍ ചോയ്യോന്‍ ഹൗസില്‍ സി.മുകേഷി(40)നെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആത്മഹത്യയില്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയമുണ്ടായിരുന്നില്ലെങ്കിലും യുവതിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണു പ്രേരണയുടെ തെളിവുകള്‍ ലഭിച്ചത്. ഈമാസം 13നു പുലര്‍ച്ചെയാണു സിമി തൂങ്ങിമരിച്ചത്. താന്‍ ഗള്‍ഫില്‍ നിന്നെത്തിയ ശേഷമേ സംസ്‌കരിക്കാവൂ എന്നു മുകേഷ് ആവശ്യപ്പെട്ടതു പ്രകാരം മൃതദേഹം 2ദിവസം ഫ്രീസറില്‍ വച്ചിരുന്നു.

അസ്വാഭാവിക മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി സിമിയുടെ ഫോണ്‍ ഡിവൈഎസ്പി പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന തെളിവുകള്‍ കിട്ടിയത്. 12നു രാത്രി സിമി ഭര്‍ത്താവുമായി ഫോണില്‍ ചാറ്റ് ചെയ്തിരുന്നു. സിമിയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സന്ദേശങ്ങളാണ് മുകേഷ് അയച്ചുകൊണ്ടിരുന്നത്.

ആത്മഹത്യ ചെയ്യുമെന്ന് 13നു പുലര്‍ച്ചെ 3മണി മുതല്‍ സിമി മുകേഷിന് സന്ദേശമയച്ചിരുന്നു. ജനല്‍ കമ്പിയില്‍ കയര്‍കെട്ടി കഴുത്തില്‍ കുരുക്കിട്ട സെല്‍ഫി ഫോട്ടോയെടുത്തു ഭര്‍ത്താവിന് അയയ്ക്കുകയും ചെയ്തു. ‘ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാം’ എന്ന ശബ്ദസന്ദേശമായിരുന്നു മുകേഷിന്റെ മറുപടി.