ഖഷോഗ്ജി കൊല്ലപ്പെട്ടതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സൗദി രാജകുമാരന്റെ അടുത്ത അനുയായി; നിര്‍ദേശം നല്‍കിയത് സ്‌കൈപ്പിലൂടെ

single-img
23 October 2018

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായി സ്‌കൈപ്പിലൂടെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. സൗദി, തുര്‍ക്കിഷ്, അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ റോയല്‍ കോര്‍ട്ട് മാധ്യമ ഉപദേശകന്‍ സൗദ് അല്‍ ഖത്താനിയാണ് സ്‌കൈപ്പിലൂടെ കൊലപാതകത്തിനു നിര്‍ദേശങ്ങള്‍ നല്‍കിയതെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഖത്താനി ഉള്‍പ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സൗദി പുറത്താക്കിയതിനു പിന്നാലെയാണ് കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുന്നത്.

സൗദി രാജകുടുംബത്തിലെ അംഗങ്ങളായ നിരവധി പേരെ തടവിലാക്കിയതിനു പിന്നിലും ലബനീസ് പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലും പ്രവര്‍ത്തിച്ചത് ഖത്താനി തന്നെയാണെന്നാണ് വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

2017ലാണ് ലബനീസ് പ്രധാനമന്ത്രിയായിരുന്ന സാദ് അല്‍ ഹരിരിയെ തട്ടിക്കൊണ്ടുപോയത്. ഇദ്ദേത്തെ ചോദ്യം ചെയ്യുന്നതിനും മര്‍ദിക്കുന്നതിനും നേതൃത്വം നല്‍കിയത് ഖത്താമിയാണെന്ന് എട്ട് നയതന്ത്ര ഉദ്യോഗസ്ഥര്‍ തുറന്നുസമ്മതിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പിന്നീട് ഫ്രാന്‍സ് ഇടപെട്ടാണു ഹരിരിയെ മോചിപ്പിച്ചത്. അന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ സൗദിയുടെ പങ്കിനെ തുറന്നു വിമര്‍ശിച്ചില്ലെങ്കിലും ഖഷോഗിയുടെ തിരോധാനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് സൗദിക്കു മുട്ടുമടക്കേണ്ടിവന്നത്.

ഖഷോഗി ഈസ്റ്റാംബൂളിലെ കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ദിവസം കോണ്‍സുലേറ്റില്‍നിന്ന് സൗദി രാജകുമാരന്റെ ഓഫീസിലേക്കും യുഎസിലേക്കും നടത്തിയ ഫോണ്‍കോളുകളുടെ പട്ടിക തുര്‍ക്കി പത്രം പുറത്തുവിട്ടിരുന്നു. രാജകുമാരന്റെ വിദേശയാത്രകളില്‍ അദ്ദേഹത്തെ അനുഗമിക്കാറുള്ള സംഘത്തിലെ അംഗമായ മാഹര്‍ അബ്ദുള്‍ അസീസ് മുട്രെബാണ് ഫോണ്‍ കോളുകള്‍ നടത്തിയതെന്ന് പത്രം പറഞ്ഞു.

മുട്രെബ് സൗദി കോണ്‍സുലേറ്റില്‍ എത്താനിടയായ സാഹചര്യത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കുന്നില്ല. മുഹമ്മദ് ബിന്‍ സല്‍മാനെ ഭയന്ന് ഒരുവര്‍ഷം മുമ്പ് അമേരിക്കയില്‍ അഭയം തേടിയ ഖഷോഗി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റായിരുന്നു.

ഒക്ടോബര്‍ രണ്ടു മുതലാണ് അദ്ദേഹത്തെ കാണാതായത്. ഖഷോഗിയുടെ അപ്രത്യക്ഷമാകലുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്നുമുതല്‍ സൗദി പറഞ്ഞിരുന്നത്. എന്നാല്‍, ഉറ്റ സുഹൃത്ത് അമേരിക്ക ഉള്‍പ്പെടെ ലോക രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഖഷോഗിയെ വധിച്ചതായി സൗദി സമ്മതിക്കുകയായിരുന്നു. ഔദ്യോഗിക വാര്‍ത്താ ചാനലിലൂടെയാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.