നാളെ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് സച്ചിനെ മറികടക്കാനുള്ള സുവര്‍ണാവസരം

single-img
23 October 2018

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനെ മറികടക്കാനുള്ള സുവര്‍ണാവസരം. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ഇക്കാര്യത്തില്‍ സച്ചിനെ രോഹിതിന് മറികടക്കാനാകും. ഏകദിനത്തില്‍ രോഹിതിന്റെ പേരില്‍ 194 സിക്‌സും സച്ചിന് 195 സിക്‌സുകളുമാണുള്ളത്.

സിക്‌സുകളുടെ എണ്ണത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തും ആഗോള പട്ടികയില്‍ എട്ടാം സ്ഥാനത്തുമാണ് രോഹിത്. എംഎസ് ധോണിയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഹിറ്റ്മാന് മുന്നിലുള്ള മറ്റൊരു താരം. 351 സിക്‌സുകളുമായി പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രിദിയാണ് ഒന്നാം സ്ഥാനത്ത്.

വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍(275), ശ്രീലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ(270), മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി(214) എന്നിവരാണ് തൊട്ടു പിന്നില്‍. നേരത്തെ, ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ സച്ചിന്റെ ഒരു റെക്കോര്‍ഡ് രോഹിത് മറികടന്നിരുന്നു.

ഏകദിനത്തില്‍ കൂടുതല്‍ തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ബാറ്റ്‌സ്മാനെന്ന നേട്ടമാണ് ഗുവാഹത്തിയില്‍ ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. അഞ്ച് തവണ വീതം 150+ സ്‌കോര്‍ ചെയ്തിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഡേവിഡ് വാര്‍ണറുമാണ് രോഹിത് വെടിക്കെട്ടില്‍ പിന്നിലായത്.

അതേസമയം, രണ്ടാം വിക്കറ്റില്‍ 246 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ച രോഹിത് ശര്‍മ–വിരാട് കോഹ്‌ലി സഖ്യം കൈപ്പിടിയിലൊതുക്കിയത് ഒരുപിടി റെക്കോര്‍ഡുകളാണ്. ഇത് അഞ്ചാം തവണയാണ് കോഹ്‌ലി–രോഹിത് സഖ്യം ഏകദിനത്തില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുന്നത്.

ഇക്കാര്യത്തില്‍ ലോക റെക്കോര്‍ഡും ഇവരുടെ പേരിലാണ്. മൂന്നു തവണ വീതം ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ശ്രീലങ്കയുടെ മഹേള ജയവര്‍ധനെ–ഉപുല്‍ തരംഗ, ഇന്ത്യയുടെ ഗൗതം ഗംഭീര്‍–വിരാട് കോഹ്‌ലി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍–സൗരവ് ഗാംഗുലി സഖ്യങ്ങള്‍ ഇവര്‍ക്കു പിന്നിലായി

മാത്രമല്ല, ഏകദിനത്തില്‍ ഇതു 13–ാം തവണയാണ് കോഹ്‌ലി ഇരട്ടസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയാകുന്നത്. രോഹിത് ആകട്ടെ ഏഴാം തവണയും. റിക്കി പോണ്ടിങ്, ഹാഷിം അംല, ഉപുല്‍ തരംഗ എന്നിവരും ഏഴു തവണ വീതം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുകളില്‍ പങ്കാളികളായി രണ്ടാം സ്ഥാനത്തുണ്ട്.

ഒരേ ഏകദിനത്തില്‍ രോഹിതും കോഹ്‌ലിയും സെഞ്ചുറി നേടുന്നത് ഇത് നാലാം തവണയാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഇവര്‍. ഒരേ മല്‍സരത്തില്‍ അഞ്ചു തവണ സെഞ്ചുറി നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംലയും എ.ബി. ഡിവില്ലിയേഴ്‌സുമാണ് ഒന്നാമത്. അംല–ക്വിണ്‍ ഡികോക്ക് സഖ്യവും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍–സൗരവ് ഗാംഗുലി സഖ്യവും നാലു തവണ വീതം ഒരേ മല്‍സരത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.