സ്ത്രീയേയും മകളേയും നഗ്‌നരാക്കി മര്‍ദിച്ച പോലീസുദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുത്തു

single-img
23 October 2018

മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്ത അമ്മയെയും മകളെയും പുരുഷ സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് നഗ്‌നരാക്കി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസ്. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ് മേധാവിക്ക് കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്. ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. അറുപതുകാരിയായ സ്ത്രീയേയും ഇരുപത്തേഴുകാരിയായ മകളേയും സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഉദ്യോഗസ്ഥയുടെ മര്‍ദനത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമ്മ അതിരക്തസമ്മര്‍ദരോഗിയാണെന്നും ചികിത്സ നല്‍കണമെന്നും മകള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ തയ്യാറായില്ലെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാകൃതവും മനുഷ്യത്വരഹിതവുമാണ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ഛത്തീസ്ഗഡ് പോലീസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യം ചെയ്ത ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 17ന് അമ്മയെയും മകളെയും കോടതിയില്‍ ഹാജരാക്കിയതോടെയാണ് മര്‍ദന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒക്ടോബര്‍ 26 ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ബിലാസ്പുര്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.