ശബരിമലയില്‍ ദര്‍ശനം നിഷേധിക്കപ്പെട്ട യുവതിക്ക് ‘ഊരുവിലക്ക്’; ജോലിക്ക് വരേണ്ടെന്ന് സ്‌കൂള്‍ അധികൃതരും

single-img
23 October 2018

കോഴിക്കോട്: ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ യുവതിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും ‘ഊരുവിലക്ക്’ നേരിടേണ്ടി വരുന്നതായി പരാതി. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക ബിന്ദു തങ്കംകല്യാണിക്കാണ് (42) വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വീട്ടുടമ വിലക്കേര്‍പ്പെടുത്തിയത്.

ചേവായൂരിലെ വാടക വീട്ടില്‍ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു. കൂടാതെ അറിയിപ്പ് കീട്ടാതെ സ്‌കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്. ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി സ്‌കൂളിലേക്ക് വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.

സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ബിന്ദു. ചേവായൂരിലേക്ക് ചെല്ലാനാവാത്ത സാഹചര്യത്തില്‍ ബിന്ദു വീട്ടില്‍ നിന്ന് നഗരത്തിലുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ അഭയം തേടി. പക്ഷേ ഫ്‌ളാറ്റ് നിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു.

കസബ പോലീസെത്തി ബിന്ദുവിനെയും സുഹൃത്തുകളെയും ഫ്‌ളാറ്റില്‍ നിന്ന് മാറ്റി. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ എവിടേക്കാണ് മാറ്റിയതെന്ന കാര്യം പോലീസ് വ്യക്തമാക്കിയട്ടില്ല. തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരിമല ദര്‍ശനത്തിനായി എത്തിയത്.

രണ്ട് പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ 9.30ന് എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ ബിന്ദു ശബരിമലയില്‍ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ടു. ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ല. സി.ഐയുടെ നേതൃത്വത്തില്‍ ബിന്ദുവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി.

സംഭവമറിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ ബിന്ദുവിനെ തിരികെ ജീപ്പില്‍ കയറ്റാനായി എത്തിച്ചപ്പോഴേക്കും പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജീപ്പില്‍ കയറ്റിയത്. മുന്നോട്ടെടുത്ത ജീപ്പിന് മുന്നില്‍ കിടന്നും അടിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

വാതില്‍ തുറന്ന് ബിന്ദുവിനെ വലിച്ചിറക്കാനും ശ്രമമുണ്ടായി. തുടര്‍ന്ന് കണമല സ്റ്റാന്‍ഡിലെത്തിച്ച് പൊലീസ് സംരക്ഷണത്തോടെ പമ്പ ബസില്‍ കയറ്റി. യാത്രയ്ക്കിടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തില്‍ വട്ടപ്പാറയില്‍ ബസ് തടഞ്ഞു.

ബസിലുണ്ടായിരുന്ന അയ്യപ്പ ഭക്തരും സമരക്കാര്‍ക്കൊപ്പം ചേര്‍ന്നു. ബസിന് ചുറ്റും ശരണം വിളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതോടെ കൂടുതല്‍ പൊലീസെത്തി ബിന്ദുവിനെ പൊലീസ് ജീപ്പില്‍ കയറ്റി ഈരാറ്റുപേട്ട സ്റ്റാന്‍ഡില്‍ എത്തിക്കുകയായിരുന്നു.