Movies

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങി; ബാലഭാസ്‌കറിന് സ്‌നേഹത്തില്‍ ചാലിച്ച സമ്മാനവുമായി എം ജയചന്ദ്രന്റെ വീഡിയോ

അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഐസിയുവില്‍ നിന്നും ലക്ഷ്മിയെ റൂമിലേക്കു മാറ്റി. ലക്ഷ്മിയുടെ പരിക്കുകള്‍ ഭേദമാകാനും മുറിവുകള്‍ ഉണങ്ങാനും സമയമെടുക്കുമെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ലക്ഷ്മി പൂര്‍ണമായും ആരോഗ്യനില വീണ്ടെടുത്തു വരികയാണെന്നും അവര്‍ അറിയിച്ചു.

ലക്ഷ്മിയെ കാണാന്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍, സന്ദര്‍ശനം ചികിത്സയ്ക്കു ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരെയും കാണാന്‍ അനുവദിക്കില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില പൂര്‍ണമായും വീണ്ടെടുക്കുന്ന സാഹചര്യത്തില്‍ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും.

അതിനിടെ, ബാലഭാസ്‌കറിന് സ്‌നേഹത്തില്‍ ചാലിച്ച സമ്മാനവുമായി പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ രംഗത്തെത്തി. ബാലു ഇവിടെയുണ്ടെന്ന സന്ദേശം സംഗീതത്തില്‍ ചാലിച്ച് വീഡിയോ ആക്കിയാണ് ജയചന്ദ്രന്‍ രംഗത്തെത്തിയത്. ബാലഭാസ്‌കര്‍ ചിട്ടപ്പെടുത്തിയ സൂര്യാ തീം മ്യൂസിക് സംഗീത സ്വരങ്ങളിലൂടെ ആലപിച്ചാണ് ജയചന്ദ്രന്‍ ഓര്‍മ്മകള്‍ പങ്കുവച്ചത്. വീഡിയോ വലിയ തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.