യുഎഇയില്‍ പുതിയ വീസ നിയമം പ്രാബല്യത്തില്‍ വന്നു

single-img
22 October 2018

യു.എ.ഇയിലെ സന്ദർശകർ, വിദ്യാർഥികൾ തുടങ്ങിയവർക്കുള്ള വീസ നിയമങ്ങളിലെ ഇളവ് നിലവിൽ വന്നു. സന്ദർശക, ടൂറിസ്റ്റ് വീസകളിലെത്തുന്നവർക്ക് രാജ്യം വിടാതെ വീസ മാറാമെന്നതാണ് പ്രധാനപ്രത്യേകത. യുഎഇയിലെ സന്ദർശകർ, സഞ്ചാരികൾ, വിധവകൾ, വിവാഹമോചിതർ, വിദ്യാർഥികൾ തുടങ്ങിവർക്ക് ആശ്വാസമാകുന്നതാണ് പുതിയ വീസ നിയമം.

സന്ദർശക വീസ കാലാവധിക്കു ശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രധാനപ്രത്യേകത. വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വീസ രണ്ടുതവണ പുതുക്കാൻ അനുമതിയുണ്ട്. സന്ദർശക വീസയിലെത്തിയവർക്ക് രാജ്യം വിടാതെ നിശ്ചിത ഫീസ് നൽകി തൊഴിൽ വീസയിലേക്ക് മാറാനാകും.

സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണ് ഇളവെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ വിദേശകാര്യവിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സയിദ് റക്കൻ അൽ റാഷിദി പറഞ്ഞു.

മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ യൂണിവേഴ്സിറ്റികളിലടക്കം പഠിക്കുന്ന വിദ്യാർഥികളുടെ വീസ കാലാവധിയും നീട്ടിനൽകും. 18 വയസുകഴിഞ്ഞ മക്കളെ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ നിന്നു മാറ്റണമെന്ന നിബന്ധനയിലാണ് ഇളവ്. പുതിയ നിയമം അനുസരിച്ചു വിധവകൾക്കും വിവാഹമോചിതർക്കും അവരുടെ കുട്ടികൾക്കും ഒരു വർഷത്തേക്ക് താമസ വീസ കാലാവധി നീട്ടിനൽകും.