മലയാളത്തിലെ പ്രശസ്‌തനായ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി ശ്രീദേവിക

single-img
22 October 2018

മലയാളത്തിലെ പ്രശസ്‌തനായ സംവിധായകനിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മോശമായ അനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും താരസംഘടനയായ അമ്മ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന ആരോപണവുമായി തെന്നിന്ത്യൻ നടി ശ്രീദേവിക രംഗത്ത്. 2006ൽ താൻ അഭിനയിച്ച ഒരു മലയാള ചിത്രത്തിന്റെ സംവിധായകനാണ് മോശമായി പെരുമാറിയതെന്ന് അമ്മ നേതൃത്വതതിന് നൽകിയ കത്തിൽ ശ്രീദേവിക ആരോപിക്കുന്നത്.

‘2006ൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ 3-4 ദിവസം തുടർച്ചയായി ഞാൻ താമസിച്ച മുറിയുടെ വാതിലിൽ പാതിരാത്രി ആരോ മുട്ടിവിളിച്ചു. ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചപ്പോൾ അവർ പരിശോധിച്ചശേഷം അത് സംവിധായകനാണെന്ന് വ്യക്തമാക്കി. എന്റെ അമ്മ ഇക്കാര്യം കൂടെ അഭിനയിച്ച നടനെ അറിയിച്ചതോടെ അദ്ദേഹം താമസിക്കുന്ന നിലയിലെ മറ്റൊരു മുറിയിലേക്കു മാറി. അതോടെ സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഞാനുൾപ്പെട്ട ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കി.

ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നോ അമ്മയിൽ ഇതിനായി ഒരു പരാതിപരിഹാര സെൽ ഉണ്ടെന്നോ അറിയാത്തതിനാൽ ഉള്ളിലൊതുക്കേണ്ടി വന്നു. ”പല പ്രൊഡക്ഷൻ കൺട്രോൾമാരും സിനിമയിലേക്കു വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് സംവിധായകനോ നിർമ്മാതാവിനോ നടനോ വേണ്ടി ‘വിട്ടുവീഴ്ച’ ചെയ്യാൻ തയ്യാറുണ്ടോയെന്നാണ്.

ഒരു സിനിമയിൽ വാഗ്‌ദാനം ചെയ്‌ത പ്രതിഫലം തരാതെ വന്നപ്പോൾ സഹായത്തിനായി അന്നത്തെ അമ്മ സെക്രട്ടറിയെ സമീപിച്ചു. പരാതി നൽകരുതെന്നും അതു കരിയറിനെ ബാധിക്കുമെന്നുമായിരുന്നു ഉപദേശം. അതുകൊണ്ടുതന്നെ അടുത്ത സിനിമയിലും ഇതേ അനുഭവം ഉണ്ടായപ്പോൾ അമ്മയിൽ പരാതിപ്പെട്ടില്ല. പകരം പണം തരാതെ തുടർന്ന് അഭിനയിക്കില്ലെന്നു നിർമ്മാതാവിനെ അറിയിച്ചു. അതോടെ അമ്മ സെക്രട്ടറി വിളിച്ച് പ്രശ്‌നം ഉണ്ടാക്കാതെ ഷൂട്ടിനു പോകണമെന്ന് പറഞ്ഞെങ്കിലും ഞാൻ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് നിർമ്മാതാവ് പകുതി പ്രതിഫലം തരാൻ തയാറായി.

ബാക്കി പ്രതിഫലം ഇതുവരെ തന്നിട്ടില്ല. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തെ ഇക്കാര്യം പറയാൻ ആദ്യം വിളിച്ചപ്പോൾ ദേഷ്യപ്പെടുകയായിരുന്നു. പരാതികൾ പുറത്തുവരാതെ ഒതുക്കി ഒറ്റക്കെട്ടാണെന്നു കാണിക്കാനാണു സംഘടനയ്‌ക്ക് താൽപര്യം” ദുബായിൽ താമസമാക്കിയ നടി കത്തിൽ പറയുന്നു. വൈകിക്കിട്ടുന്ന നീതി നീതിനിഷേധമാണെന്നു വ്യക്തമാക്കിയാണ് ശ്രീദേവിക കത്ത് അവസാനിപ്പിക്കുന്നത്.

മലയാളത്തിൽ പൃഥ്വിരാജ് നായകനായ അവൻ ചാണ്ടിയുടെ മകൻ, ചെമ്പട, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലാണ് ശ്രീദേവിക അഭിനയിച്ചത്.