അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്

single-img
22 October 2018

അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞു തൊഴുതുകൊണ്ട് ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം. ഇന്നു പുലര്‍ച്ചെയാണ് ഐജി ശ്രീജിത്ത് ദര്‍ശനം നടത്തിയത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു സുരക്ഷയൊരുക്കി വിമര്‍ശനത്തിനിരയായ ഐജി നട തുറന്ന ശേഷം ഇന്നാണ് ദര്‍ശനത്തിനെത്തിയത്.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഒരുവശത്ത് പ്രതിഷേധം വ്യാപകമാകവെ മല ചവിട്ടാനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയത് ഐ.ജി: എസ്.ശ്രീജിത്തായിരുന്നു. മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതല്‍ പമ്പയിലും സന്നിധാനത്തുമായി നിലകൊണ്ട ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സ്ത്രീകള്‍ സന്നിധാനം വരെ എത്തിയത്.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പുമായി നിന്ന ഭക്തരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കും ക്രമസമാധാന പ്രശ്‌നത്തിലേക്കും വഴിമാറാതെ നോക്കിയതില്‍ ശ്രീജിത്തിന്റേയും സംഘത്തിന്റേയും അവസരോചിതമായ ഇടപെടലും ഉണ്ടായിരുന്നു.

മറ്റ് വിശ്വാസികളെ പോലെ ഞാനും ഭക്തനാണ്. ഞങ്ങള്‍ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ഭക്തരെ ചവിട്ടി അരച്ച് ഞങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍,? സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട്. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു.

നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താന്‍ അവര്‍ക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞിരുന്നു. ഐ.ജിയുടെ ഈ വാക്കുകളെ സമചിത്തതയോടെയാണ് ഭക്തര്‍ കേട്ടുനിന്നത്. പിന്നീട് പ്രതിഷേധം ശക്തമായതോടെ യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു.