ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

single-img
22 October 2018

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. നവംബര്‍ 15നു സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഡീസല്‍ വിലവര്‍ധന മൂലം ഒരു ദിവസം പോലും സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നു സംഘടനാ പ്രസിഡന്റ് എം.ബി. സത്യന്‍ പറഞ്ഞു. ഡീസല്‍ വില താങ്ങാനാവാതെ ഒട്ടേറെ ബസുകള്‍ സര്‍വീസ് ഇതിനകം അവസാനിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ അനുവദിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, എല്ലാ യാത്രാ സൗജന്യങ്ങളും നിര്‍ത്തലാക്കുക, ബസുകളുടെ സര്‍വീസ് കാലാവധി 20 വര്‍ഷമാക്കിയ തീരുമാനം ഉടന്‍ നടപ്പാക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ചില്ലെങ്കില്‍ ബസുകള്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കുക, സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും തമ്മിലുള്ള മല്‍സരം ഒഴിവാക്കാന്‍ ഗതാഗത നയം രൂപവല്‍ക്കരിക്കുക, റോഡ് നികുതി കുറയ്ക്കുക, ബസുടമകള്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.