നടന്‍ അര്‍ജുനെതിരെ പുതിയ വെളിപ്പെടുത്തലുമായി യുവതി

single-img
22 October 2018

തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചിട്ടുണ്ടെന്നുമുള്ള മലയാളിയായ കന്നട നടി ശ്രുതി ഹരിഹരന്റെ മീ ടു വെളിപ്പെടുത്തലിന് പിന്നാലെ മറ്റൊരു സ്ത്രീയും നടനെതിരെ ആരോപണവുമായി രംഗത്തെത്തി.

പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്ത്രീയാണ് ബംഗളൂരുവില്‍ മാധ്യമങ്ങളോട് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. 15വര്‍ഷം മുമ്പ് അര്‍ജുന്‍ സര്‍ജ അഭിനയിച്ച അര്‍ജുനുഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

ചിത്രത്തില്‍ വിദ്യാര്‍ഥികള്‍ ഒന്നിച്ചുള്ള രംഗത്തിലാണ് ഇവര്‍ അഭിനയിച്ചത്. തന്നോട് മുറിയിലേക്ക് വരാന്‍ അര്‍ജുന്‍ ആവശ്യപ്പെട്ടുവെന്നും അപമര്യാദയായി പെരുമാറിയെന്നും ഇവര്‍ ആരോപിച്ചു. അതിനിടെ തനിക്കെതിരെ ആരാപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്ന് നടന്‍ അര്‍ജുന്‍ വ്യക്തമാക്കി.

ഓരോ സീനും നന്നാക്കുന്നതിനായി താന്‍ ഒപ്പം അഭിനയിക്കുന്നവരുമായി സംസാരിക്കാറുണ്ട്. സ്ത്രീകളെ തെറ്റായി സ്പര്‍ശിക്കാനായി സിനിമ പ്രഫഷനെ ഉപയോഗിക്കാനുള്ള മോശം മാനസികാവസ്ഥ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിസ്മയ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ശ്രുതി ഹരിഹരന്റെ വെളിപ്പെടുത്തല്‍.