ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച യുവാവിന്റെ സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ പൊലീസിന്റെ ‘മാസ് എന്‍ട്രി’; ഒടുവില്‍ മകനെ കഴുത്തു ഞെരിച്ചു കൊന്നതാണെന്ന രണ്ടാനമ്മയുടെ കുറ്റ സമ്മതവും

single-img
22 October 2018

ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന്‍ രമേഷ് യാദവിന്റെ ഭാര്യ മീരാ യാദവാണ് മകന്‍ അഭിജിത് യാദവ് (23) നെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മീരാ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ചയാണ് അഭിജിത്തിനെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഹൃദയാഘാതമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഞായറാഴ്ച്ച സംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ പൊലീസ് എത്തുകയും ചടങ്ങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അഭിജിത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബ സുഹൃത്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ശനിയാഴ്ച മദ്യപിച്ച് വൈകിയെത്തിയ അഭിജിത്ത് അസ്വസ്ഥനായിരുന്നുവെന്നും നെഞ്ച് വേദനയ്ക്ക് താനാണ് ബാം പുരട്ടി നല്‍കിയതെന്നുമായിരുന്നു മീരായാദവ് മറ്റുള്ളവതരോട് പറഞ്ഞത്.

എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മകന്‍ മരിച്ചുകിടക്കുന്നത് കണ്ടതെന്നും ഇവര്‍ അറിയിച്ചു. സംഭവത്തിന് ശേഷം ബാങ്ക് അകൗണ്ടുകള്‍ മാറ്റിയതാണ് സംശയം മീരയിലേക്കെത്തിയതെന്ന് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു.

അതേസമയം മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് കൃത്യം ചെയ്യേണ്ടി വന്നതെന്ന് മീര ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. രമേഷ് യാദവിന്റെ രണ്ടാമത്തെ ഭാര്യയാണ് മീര യാദവ്. സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിലെ നിയമവകുപ്പ് കൈകാര്യം ചെയ്തിരുന്ന മീര കുറച്ച് നാളുകള്‍ക്ക് മുമ്പാണ് രാജിവച്ചത്.