അമ്മയിൽ രൂപമെടുത്ത വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ‘മീ ടൂ’ വെളിപ്പെടുത്തല്‍;മുതിർന്ന നടൻമാർക്കെതിരെ ഉൾപ്പെടെ ആരോപണം

single-img
21 October 2018

കൊച്ചി: അമ്മ സംഘടനയില്‍ രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ ‘മീ ടൂ’ വെളിപ്പെടുത്തലുകള്‍. മുതിര്‍ന്ന നടന്‍മാര്‍ക്കെതിരെ ഉള്‍പ്പെടെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 12 നടിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിലെ ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുമുണ്ട്. വനിതാ സെല്‍ യോഗത്തിലെ പല വെളിപ്പെടുത്തലുകളും അമ്മയ്ക്കു പുതിയ തലവേദന സൃഷ്ടിക്കുന്നതാണ്.

മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി വനിതാ സെൽ രൂപീകരിക്കാനായിരുന്നു ഈ മാസം ആദ്യം ചേർന്ന അമ്മ നിർവാഹക സമിതിയുടെ തീരുമാനം. പ്രസിഡന്റ് മോഹൻലാലിന്റെ നിർദേശം അനുസരിച്ചായിരുന്നു ഇത്.വെള്ളിയാഴ്ചത്തെ നിർവാഹക സമിതിക്കുശേഷം നടന്ന പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ്, കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് വനിതാ സെൽ അംഗങ്ങളെന്നു വ്യക്തമാക്കിയത്.

എന്നാല്‍, അമ്മ യോഗത്തിനുശേഷം അതേ ഹോട്ടലില്‍ വനിതാ സെല്ലിന്റെ ആദ്യയോഗം കൂടിയപ്പോള്‍ ഇവര്‍ക്കൊപ്പം, ക്ഷണിക്കപ്പെട്ട 9 നടിമാര്‍കൂടി പങ്കെടുത്തു. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്‌നി ഖാന്‍, , ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണു ക്ഷണിതാക്കളായി എത്തിയത്. തലേദിവസം ഇവരെ അമ്മ ഭാരവാഹിയും സെല്‍ നേതാവും ക്ഷണിക്കുമ്പോഴും വനിതാ സെല്ലിലേക്കാണെന്നു പറഞ്ഞിരുന്നില്ല.