ക്ഷേത്രം അടച്ചിടാൻ അധികാരമുണ്ട്; ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമെതിരെ തുറന്ന വെല്ലുവിളിയുമായി പന്തളം രാജകൊട്ടാരം

single-img
21 October 2018

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിനെതിരേ നിലപാട് കടുപ്പിച്ച് പന്തളം രാജകുടുംബം. കവനന്‍റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വർമ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികള്‍ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയത്.

ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് തെറ്റാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുത്.

യുവതി പ്രവേശന വിഷയത്തിൽ പരിഹാരമാർഗം എടുക്കാൻ തങ്ങൾക്കറിയാം. നിലയ്ക്കലിലെ പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്നും ശശികുമാര വർമ ആവശ്യപ്പെട്ടു.