കാറില്‍ വെച്ച് വിവസ്ത്രയാക്കി ഓറല്‍ സെക്‌സിന് ശ്രമിച്ചു; അനുമാലിക്കിന്റെ സ്ഥാനം തെറിപ്പിച്ച് സോണി ടിവി

single-img
21 October 2018


മീ ടു ആരോപണത്തില്‍ കുടുങ്ങിയ ഗായകനും സംഗീതസംവിധായകനുമായ അനുമാലികിനെ ഇന്ത്യന്‍ ഐഡല്‍ 10ന്റെ വിധികര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് സോണി ടിവി നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. സോന മൊഹാപാത്ര, ശ്വേത പണ്ഡിറ്റ് എന്നീ രണ്ട് ഗായികമാര്‍ക്ക് പുറമെ പേരു വെളിപ്പെടുത്താത്ത രണ്ട് ഗായികമാര്‍ കൂടി അനുമാലിക്കിനെതിരേ മീ ടു വെളിപ്പെടുത്തല്‍ നടത്തി.

തുടക്കത്തില്‍ രണ്ട് ഗായികമാരാണ് സിനിമയില്‍ പാടാന്‍ അവസരം തേടിയെത്തിയ തങ്ങളെ അനു മാലിക് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഫെയ്‌സ്ബുക്കിലൂടെ ആരോപണമുന്നയിച്ചത്.

ഒരിക്കല്‍ രാത്രിയില്‍ വീട്ടില്‍ കൊണ്ടു വിടുന്ന സമയത്ത്, രാത്രി ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി അനുമാലിക്ക് തന്നെ ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചുവെന്നും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

വീട്ടില്‍ വെച്ച് മാലിക് തന്റെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും സ്വയം വിവസ്ത്രനാവുകയും ചെയ്തതായി അവര്‍ ആരോപിച്ചു. സന്ദര്‍ശകര്‍ കോളിങ് ബെല്‍ അടിച്ചതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി.

റെക്കോഡിങ്ങിന് ഷിഫോണ്‍ സാരി ധരിച്ചുവരാന്‍ പറഞ്ഞ തന്നെ അനു മാലിക് സ്റ്റുഡിയോയില്‍ വച്ച് കെട്ടിപ്പിടിച്ചുവെന്നാണ് മറ്റൊരു ഗായിക പേരു വെളിപ്പെടുത്താതെ കുറിച്ചത്. തന്റെ ചെറുപ്പത്തില്‍ അനു തന്നെ ചുംബിക്കാന്‍ ശ്രമിച്ചതായും ചെറിയ പെണ്‍കുട്ടികള്‍ ഇയാളെ സൂക്ഷിക്കണമെന്നും ശ്വേത പണ്ഡിറ്റ് ട്വിറ്ററില്‍ കുറിച്ചു. അനു മാലിക് തന്നെ മോശപ്പെട്ട വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നുവെന്നും ഫോണിലേയ്ക്ക് നിരന്തരം മിസ്ഡ് കോളുകള്‍ അടിക്കുകയും ചെയ്തിരുന്നുവെന്നാണ് സോന മൊഹാപാത്ര ആരോപിച്ചത്.