ഒടുവിൽ സൗദി സമ്മതിച്ചു; ഖഷോഗ്ഗി മല്‍പ്പിടിത്തത്തിനിടെ കൊല്ലപ്പെട്ടു; 18 പേര്‍ അറസ്റ്റില്‍

single-img
20 October 2018

മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖശോഗി തുര്‍ക്കിയിലെ സൗദി കണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. കോണ്‍സുലേറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായുള്ള കയ്യാങ്കളിക്ക് ശേഷം ഖശോഗി കൊല്ലപ്പെട്ടെന്നാണ് സൗദി അറ്റോണി ജനറല്‍ അറിയിച്ചത്. വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച സൗദി അറേബ്യ ഉന്നത ഉദ്യോഗസ്ഥരടക്കം 18 പേരെ അറസ്റ്റ് ചെയ്തു.

റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ കഹ്ത്താനി, രഹസ്യാന്വേഷണ വിഭാഗം ഡെപ്യൂട്ടി ജനറല്‍ അഹ്മദ് അസീരി, രഹസ്യാന്വേഷണ വിഭാഗത്തിലെ സഹ മേധാവികളായ മേജര്‍ ജനറല്‍ അല്‍ തയ്യാര്‍, മേജര്‍ ജനറല്‍ അബ്ദുള്ള അല്‍ തയ എന്നിവരെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. രഹസ്യാന്വേഷണ വിഭാഗം വകുപ്പ് പുനസ്സംഘടിപ്പിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

അന്വേഷണത്തിലൂടെ വസ്തുത കണ്ടെത്താന്‍ സഹായിച്ച തുര്‍ക്കിയോട് കടപ്പാട് രേഖപ്പെടുത്തിയ സൗദി അറേബ്യ മുഴുവന്‍ അന്വേഷണ വിവരങ്ങളും ഉടന്‍ പുറത്ത് വിടുമെന്നും അറിയിച്ചിട്ടുണ്ട്. ഖഷോഗ്ഗി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടതായി തുര്‍ക്കി നേരത്തെ ആരോപിച്ചിരുന്നെങ്കിലും സൗദി ഇത് നിരസിക്കുകയായിരുന്നു. അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇപ്പോള്‍ കുറ്റസമ്മതം നടത്താന്‍ സൗദിയെ പ്രേരിപ്പിച്ചത്. സൗദിയില്‍ നടക്കേണ്ട ബിസിനസ് കോണ്‍ഫറന്‍സില്‍ നിന്ന് ഫ്രാന്‍സ്, യുഎസ്.എ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും പ്രമുഖ ഐടി കമ്പനികളും പിന്‍മാറിയിരുന്നു.