പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തി:നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരേ ദേവസ്വം ബോര്‍ഡ് അംഗം

single-img
20 October 2018

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച്‌ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ്. യുവതികള്‍ വന്നാല്‍ നട അടയ്ക്കുമെന്ന സമീപനത്തോട് ദേവസ്വം ബോര്‍ഡിന് യോജിപ്പില്ല. പരികര്‍മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കംവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ല. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല കയറാമെന്നാണ് സുപ്രീംകോടതി വിധി. ആ വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ടെന്നും അല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ലെന്നും ശങ്കര്‍ദാസ് പ്രതികരിച്ചു. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യല്ല. അതുകൊണ്ടാണ് അവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.