ഇതുവരെ സംയമനം പാലിച്ചു, ഇനി നിയമം കയ്യിലെടുക്കാനും തയാറാണെന്ന് കെ. സുരേന്ദ്രന്‍

single-img
19 October 2018

പത്തനംതിട്ട: ശബരിമലയ വിഷയത്തില്‍ സര്‍ക്കാര്‍ പ്രകോപനം ഉണ്ടാക്കിക്കൊണ്ടിരിക്കുയാണെന്നും ഈ നിലയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.ഹിന്ദു സമൂഹത്തെയും ആചാരങ്ങളെയും വിശ്വാസികളെയും വെല്ലുവിളിക്കാനാണ് പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നതങ്കില്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ ബിജെപി തയാറല്ലെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹന ഫാത്തിമയുടേയും മേരി സ്വീറ്റിയുടേയും വീടുകളിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. രഹന ഫാത്തിമയുടെ കൊച്ചിയിലെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. രഹനയുടെ വീടിനുമുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരില്‍ ഒരാള്‍ ബിജെപി സമരത്തെ ചോദ്യം ചെയ്തതാണ് ബഹളത്തിനിടയാക്കിയത്. മേരി സ്വീറ്റിയുടെ കുടുംബവീട്ടിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ കസേരകള്‍ എടുത്തെറിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ശബരിമലയെ യുദ്ധക്കളമാക്കുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.എസ്ഡിപിഐ അനുഭാവികളായ പൊലീസുകാരുടെ സഹായത്തോടെയാണു യുവതികള്‍ മല കയറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിശ്വാസികളായ പൊലീസുകാരുടെ മനസ്സ് ഉണരണം. പൊലീസ് വേഷത്തില്‍ കൊണ്ടുപോകാന്‍ കോടതി ഉത്തരവുണ്ടോ? സ്ത്രീകള്‍ക്കു സുരക്ഷ ഒരുക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്ന സര്‍ക്കാര്‍ വാദം തട്ടിപ്പാണ്.

ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. യുവതിയെ പൊലീസ് വേഷം ധരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണം. ആള്‍മാറാട്ടത്തിനു കേസെടുക്കണം. അവിടെ നടക്കുന്നതു നിരീശ്വരവാദികളുടെ യുദ്ധപ്രഖ്യാപനമാണ്. സ്വസ്ഥമായി ഇരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണം. തന്ത്രിമാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. യുവതികള്‍ 18-ാം പടി കയറിയാല്‍ തന്ത്രിമാര്‍ വേണ്ടതു ചെയ്യണം. സര്‍ക്കാര്‍ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. വിശ്വാസികളുടെ ശാപം പിണറായിയുടെ തലമുറകളെ പിന്തുടരും. നിരോധനാജ്ഞ ലംഘിക്കാനുള്ളതുകൂടിയാണ്. അതിനു സ്വാതന്ത്ര്യമുള്ള നാടാണിതെന്നും അദ്ദേഹം പറഞ്ഞു.