നടി പാര്‍വ്വതിയെ പൊളിച്ചടുക്കി സംവിധായകൻ സനൽകുമാര്‍ ശശിധരൻ

single-img
19 October 2018

തനിക്ക് സിനിമയിൽ അവസരം കുറ‍ഞ്ഞുവെന്ന നടി പാർവതിയുടെ പരാമര്‍ശത്തിനെതിരെ സംവിധായകൻ സനൽകുമാര്‍ ശശിധരൻ രംഗത്ത്. ആണധികാരത്തിനെതിരെ പോരാടുന്ന പാർവതി കുറച്ചു മാസങ്ങൾക്കു മുൻപ് തൻറെ സിനിമയിൽ അഭിനയിക്കാന്‍ തയ്യാറാകാതിരുന്ന കാര്യം വിശദീകരിച്ചു കൊണ്ടാണ് വിമർശനം. കഥാപാത്രത്തിനു ചേർന്ന നടിയെക്കുറിച്ച് ആലോചിച്ചപ്പോൾ പാർവതിയുടെ പേരാണ് ഉയർന്നു വന്നതെന്നും എന്നാൽ കാര്യമറിയിച്ച തന്നോട് പാർവതി പ്രതികരിച്ചില്ലെന്നും മെസേജിന് ഒരു മറുപടി പോലും നല്‍കിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിൻറെ പൂര്‍ണരൂപം:

”കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല. എനിക്കും കഴിവുള്ള , നിലപാടുള്ള ഒരു ആർട്ടിസ്റ്റിനെ ഉൾപ്പെടുത്തുന്നതിന് സന്തോഷമേയുള്ളൂ.) അതിൽ സ്ത്രീകഥാപാത്രത്തിന് അനുയോജ്യയായ ഒരു നടിയെ കുറിച്ച് ആലോചിച്ചപ്പോൾ പാർവതിയുടെ പേര് ഉയർന്നുവന്നു. ചെറിയ ബജറ്റ് സിനിമയാണ് ഇൻഡിപെന്ഡന്റ് സിനിമയാണ് എന്നത് കൊണ്ടൊക്കെ അവർ സഹകരിക്കുമോ എന്ന സംശയം ഞാൻ പ്രകടിപ്പിച്ചു. എന്തിനു മുൻവിധി സംസാരിച്ചു നോക്കൂ എന്ന് അദ്ദേഹം തന്നെ നമ്പർ തന്നു. ഞാൻ വിളിച്ചു. പാർവതി ഫോണെടുത്തില്ല. തിരക്കാണെങ്കിലോ അറിയാത്ത നമ്പർ എടുക്കാത്തതാണെങ്കിലൊ എന്നു കരുതി കാര്യങ്ങൾ വിവരിച്ച് സബ്ജക്ട് കേട്ടുനോക്കാമോ എന്നു ചോദിച്ച് ഒരു മെസേജുമയച്ചു അതിനൊരു മറുപടി മെസേജുപോലും കിട്ടിയില്ല. ഞാൻ പിന്നെ ആ വഴിക്ക് പോയില്ല.

ഒരു പ്രോജക്ട് കേൾക്കണോ വേണ്ടയോ ഏത് സിനിമ തെരഞ്ഞെടുക്കണം എന്നതൊക്കെ ഒരു അഭിനേതാവിന്റെ തീരുമാനമാണ്. പക്ഷെ സൂപ്പർ താര ഫാൻസ്‌ അസോസിയേഷനുകൾക്ക് എതിരെയും സിനിമയിലെ ആണധികാരക്രമങ്ങൾക്കെതിരെയും പടപൊരുതുന്ന ആളുകൾ അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോൾ അവർ ഉദ്ദേശിക്കുന്നത് സൂപ്പർതാര ആണധികാരസിനിമകളിൽ അവസരം കിട്ടുന്നില്ല എന്നാണോ എന്നു സ്വാഭാവികമായി സംശയം തോന്നും. അങ്ങനെയല്ലെങ്കിൽ അവർ എന്തുകൊണ്ട് ഇൻഡസ്ട്രിയിലെ വമ്പൻ സിനിമകളെ ഉറ്റുനോക്കിയിരിക്കാതെ കഴമ്പുള്ള ഇൻഡിപെൻഡന്റ് സിനിമകളിൽ സഹകരിക്കുന്നില്ല? അത് ചെയ്യാതിരിക്കുകയും തങ്ങൾ ആർക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ “പിന്തിരിപ്പൻ” സിനിമകളിൽ തന്നെ അവസരം കിട്ടണം എന്ന് വാശിപിടിക്കുകയും ചെയ്യുന്നത് കാപട്യമല്ലേ?”