ശബരിമലയിലെ പൊലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി

single-img
19 October 2018

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാരാണു കത്ത് മുഖേന സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംഘര്‍ഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കില്‍ യുക്തമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന നിർദേശവും കത്തിലുണ്ട്.

ഈ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പോലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണയുണ്ടെന്നതു വ്യക്തമാണെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു. വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ ഏറെ ബഹുമാനിക്കുന്നു. അതുകൊണ്ടു തന്നെ ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

അതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും അയ്യപ്പദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ പരിശ്രമിക്കും. ഇക്കാര്യത്തില്‍ കോടതിവിധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ നടപടി സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും– പിണറായി വ്യക്തമാക്കി.

എല്ലാ വിശ്വാസികള്‍ക്കും ഒരു പോലെ ദര്‍ശനം നടത്താന്‍ ആദ്യകാലം മുതല്‍ സ്വാതന്ത്ര്യമുള്ള ക്ഷേത്രമാണു ശബരിമല. വാവരെയും ധര്‍മശാസ്താവിനെയും ആരാധിക്കാന്‍ സൗകര്യമുള്ള ഇടം കൂടിയാണിത്. ജാതി-മത ഭേദമന്യേ പ്രവേശനം അനുവദിച്ചിടത്തു മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണു കോടതി വിധിയുടെ ഭാഗമായി ഇപ്പോള്‍ വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരെ സഹായിക്കുകയും കുഴപ്പമുണ്ടാക്കുന്നവരെ തടഞ്ഞും ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനം സുഗമമാക്കാനാണ് ഏതു വിശ്വാസിയും ആഗ്രഹിക്കുക– പിണറായി അഭിപ്രായപ്പെട്ടു.