യുഎഇയുടെ സ്നേഹവായ്പ് 700 കോടിയേക്കാള്‍ വലുതെന്ന് മുഖ്യമന്ത്രി

single-img
19 October 2018
യു.എ. ഇ ഭരണാധികാരികൾക്ക്‌ ബിഗ്‌ സല്യൂട്ട്‌ നല്‍കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ബില്യണ്‍ ഡോളറിനെക്കാൾ വലുതാണു യു.എ.ഇ ഭരണാധികാരികളിൽ നിന്നു കിട്ടിയ സ്നേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കേരളത്തിന്റെ പുനർനിർമാണം നാളത്തെ തലമുറയ്ക്ക് വേണ്ടിയാണ്. ആരുവിചാരിച്ചാലും നവകേരള നിർമാണത്തിൽ നിന്നും പിന്തിരിപ്പിക്കാനാകില്ലെന്നും യു.എ.ഇ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായംതേടി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെ പ്രവാസി മലയാളികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു. നവകേരള നിര്‍മിതിക്കുള്ള പദ്ധതികള്‍ അദ്ദേഹം സമ്മേളനത്തില്‍ അവതരിപ്പിച്ചു.

നേരത്തെ എമിറേറ്റ്സ് റെഡ് ക്രസന്റ് വെസ്റ്റേണ്‍ റീജ്യണ്‍ ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക്, ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് പുനര്‍നിര്‍മാണത്തിനാവശ്യമായ സഹായം നല്‍കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

യുഎഇയിലെ ഫൗണ്ടേഷണല്‍  ചാരിറ്റി സംഘടനകളില്‍ നിന്നും കേരളത്തിന്‌ സഹായം തേടുന്നത് സംബന്ധിച്ചും  ഇരുവരും ചര്‍ച്ച നടത്തി.  നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമ തടസങ്ങളുണ്ടെങ്കിലും ഫൗണ്ടേഷണല്‍ ചാരിറ്റി സംഘടനകളില്‍ നിന്നും സഹായം സ്വീകരിക്കുന്നതിന്  തടസമില്ലെന്ന്  മുഖ്യമന്ത്രി  പിണറായി വിജയന്‍ ചര്‍ച്ചയില്‍ അറിയിച്ചു.