കടകംപള്ളിയെ തള്ളി കോടിയേരി:ആക്റ്റിവിസ്റ്റുകള്‍ വരാന്‍ പാടില്ല എന്ന അഭിപ്രായത്തോട് സിപിഐഎമ്മിന് യോജിപ്പില്ല

single-img
19 October 2018

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയും കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ചും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ആക്ടിവിസ്റ്റുകളായതിനാല്‍ ശബരിമലയില്‍ പ്രവേശനം നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്റ്റിവിസ്റ്റ് എന്നു പറഞ്ഞുള്ള ഒരാളുടെ സാന്നിധ്യം അവിടെ പ്രകോപനം സൃഷ്ടിക്കും എന്നൊരു സാഹചര്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി പൊലീസിന് സ്വീകരിക്കാം എന്നും കോടിയേരി പറഞ്ഞു.

പൊലീസിന്റെ നടപടി ശരിയല്ല എന്ന പറഞ്ഞ ദേവസ്വം മന്ത്രി നിലപാട് തിരുത്തിയിട്ടുണ്ട്. ഏത് സ്ത്രീ വന്നാലും സുരക്ഷ ഒരുക്കുക എന്നത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ആരെയും തടഞ്ഞിട്ടില്ല. ഏത് സ്ത്രീ പോയാലും സംരക്ഷണം കൊടുക്കുകയാണ് സര്‍ക്കാര്‍ നിലപാട്. തന്ത്രി എടുത്ത നിലപാട് ശരിയാണോ എന്ന് ദേവസ്വം ബോര്‍ഡാണ് പരിശോധിക്കേണ്ടത് എന്നും കോടിയേരി പറഞ്ഞു.

വിശ്വാസവും അവിശ്വാസവും തമ്മില്‍ യുദ്ധമുണ്ടാക്കരുത്.നിയമ പരിപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മതം പറഞ്ഞ് പൊലീസ് സേനയില്‍ മതപരമായവര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തി. കോണ്‍ഗ്രസും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമരമാണ് നടത്തുന്നത്. സമരം രാഷ്ടീയ സമരമാക്കി ഇവര്‍ മാറ്റി. എന്തുകൊണ്ട് ഈ ബിജെപിയും കോണ്‍ഗ്രസും റിവ്യു ഹര്‍ജി നല്‍കുന്നില്ല.

സുപ്രിം കോടതി വിധി തിരുത്താന്‍ സാധിക്കും എന്ന പ്രതീക്ഷ അവര്‍ക്ക് ഉണ്ടെങ്കില്‍ വിശ്വാസികളെ ഇളക്കിവിട്ട് സമരം ചെയ്യുന്നതിന് പകരം നിയമപരമായ വഴി തേടുകയാണ് വേണ്ടത്. ഭരണഘടനയും നിയമവും ഉള്ള നമ്മുടെ രാജ്യത്ത് കോടതി വിധിയെ അട്ടിമറിക്കാന്‍ വിശ്വാസത്തിന്റെ പേര് ഉപയോഗിച്ചുകൊണ്ട് നടത്തുന്ന സമരം വിശ്വാസികളെ രക്ഷിക്കാനോ വിശ്വാസം സംരക്ഷിക്കാനോ അല്ല, മറിച്ച്‌ രാഷ്ട്രീയ സമരമായി മാറിയിരിക്കുകയാണ്.-കോടിയേരി പറഞ്ഞു.