54 ദിവസം ജയിലിലിട്ട ശേഷം ഒടുവില്‍ പോലീസ് പറഞ്ഞു മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി നിരപരാധി

single-img
19 October 2018

പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച പ്രവാസിയായ കണ്ണൂർ കതിരൂർ സ്വദേശി താജുദ്ദീൻ നിരപരാധിയാണെന്ന് തെളിഞ്ഞു. താജുദ്ദീന്റെ പാസ്പോർട്ടും പോലീസ് പിടിച്ചെടുത്ത പണവും തിരികെ നൽകാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. താജുദ്ദീന് നഷ്ടപരിഹാരം നൽകണമെന്ന് കേസിൽ ഇടപെട്ട ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു.

മാല മോഷ്ടിച്ച കേസിൽ സി.സി.ടി.വിയിൽ താജുദ്ദീന്റേതിന് സമാനമായ ദൃശ്യം കണ്ടാണ് പോലീസ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്. തന്റെ നിരപരാധിത്വം തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചിട്ടും കേസെടുത്ത കണ്ണൂർ ചക്കരക്കല്ല് പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 54 ദിവസം ജയിലിൽ കിടന്ന താജുദ്ദീൻ നിയമ പോരാട്ടം നടത്തിയാണ് തന്റെ നിരപരാധിത്വം തെളിയിച്ചത്. യഥാർഥ പ്രതിയായ ശരത് വൽസരാജ് എന്നയാളെ തിരിച്ചറിഞ്ഞ പോലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. താജുദ്ദീനെ പീഡിപ്പിച്ച പോലീസിനെതിരെ നടപടി വേണമെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു.

ഖത്തറിൽ ജോലി ചെയ്തിരുന്ന താജുദ്ദീന്റെ പാസ്പോർട്ടും 65,000 രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. കേസ് കാരണം താജുദ്ദീന്റെ ജോലി നഷ്ടപ്പെടുകയും മകന്റെ പഠനം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. നഷ്ടപ്പെട്ട അഭിമാനം തിരിച്ചു നൽകാൻ കഴിഞ്ഞില്ലെങ്കിലും നഷ്ടപരിഹാരം തേടി നിയമ പേരാട്ടം തുടരാനാണ് താജുദ്ദീന്റെ ശ്രമം.

മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ആഗസ്ത് 11നാണ് ചക്കരക്കൽ എസ്.ഐ ബിജു അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സിസിടിവി ദൃശ്യങ്ങളിലെ സാമ്യം മാത്രം നോക്കിയായിരുന്നു ഇത്. വീട്ടമ്മ തിരിച്ചറിഞ്ഞതല്ലാതെ മറ്റ് ശാസ്ത്രീയ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം, സ്വന്തം നിലയിൽ അന്വേഷിച്ച് തന്നോട് സാമ്യമുള്ള സമാന കേസിൽ ജയിലിലായ ക്രിമിനൽ കേസ് പ്രതിയുടെ ഫോട്ടോകൾ സഹിതം ഡിജിപിക്ക് പരാതി നൽകി. ഇതിൽ അന്വേഷണം പൂർത്തിയാക്കിയാണ് ഡിജിപിയുടെ നടപടി.