ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി;സംഘർഷമുണ്ടാക്കാതെ മടങ്ങാൻ പോലീസിന് നിർദ്ദേശം

single-img
19 October 2018

ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ ഇപ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.സംഘർഷമുണ്ടാക്കാതെ മടങ്ങാൻ പോലീസിന് നിർദ്ദേശം നല്‍കിയതാണു സൂചന.ഇതോടെ മലകയറിയെത്തിയ യുവതികള്‍ മടങ്ങി പോരേണ്ടി വരും.

കനത്ത പൊലീസ് സുരക്ഷയിൽ‌ യുവതികൾ വലിയ നടപ്പന്തലിനു സമീപത്തേക്ക് എത്തിയിരുന്നു.അതിനിടെയാണു മന്ത്രിയുടെ പ്രതികരണം വന്നത്.

ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഭക്തരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തിയിരുന്നു. തടിച്ചുകൂടിയ പ്രതിഷേധക്കാരോട് ഐജി ശ്രീജിത്ത് സംസാരിച്ചു. സുപ്രീംകോടതിയുടെ വിധി നടപ്പിലാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ആരെയും ഉപദ്രവിക്കാനല്ല എത്തിയത്. വിധി നടപ്പാക്കാനാണ് എത്തിയത്. എന്നാല്‍ എതിര്‍പ്പുമായി പൊലീസിനുമുന്നില്‍ നിന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ച്‌ മടങ്ങാന്‍ ഉള്ള തീരുമാനം എടുത്തത്.

അതേസമയം ആചാരം ലംഘിച്ചാൽ നടയടയ്ക്കാൻ പന്തളം കൊട്ടാരത്തിന്റെ നിർദേശം വന്നതായി സൂചനയുണ്ട്.വി.എൻ.നാരായണ വർമയാണ് ഇത്തരമൊരു നിർദേശം നൽകിയത്.

150 ഓളം പൊലീസുകാരാണ് യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.