ശബരിമലയില്‍ നിരോധനാജ്ഞ വെള്ളിയാഴ്ച്ച വരെ നീട്ടി

single-img
18 October 2018

പമ്പ: ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. ഇന്നലെയുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ കസ്റ്റഡിയിലായെന്ന് പത്തനംതിട്ട എസ്പി അറിയിച്ചു. പമ്പയിലും നിലക്കലിലും ഒരു സമര പരിപാടിയും അനുവദിക്കില്ല. ആവശ്യമെങ്കില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും എസ്പി പറഞ്ഞു.

അതിനിടെ സന്നിധാനത്തേക്ക് നടന്നു തുടങ്ങിയ ന്യൂയോർക്ക് ടൈംസ് സൗത്ത് ഏഷ്യ ബ്യൂറോ റിപ്പോർട്ടർ സുഹാസിനി രാജ് തിരിച്ചിറങ്ങി. മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് ഇവർ തിരച്ചിറങ്ങാൻ തീരുമാനിച്ചത്. മരക്കൂട്ടത്തിനു സമീപത്തുനിന്ന് വൻ പ്രതിഷേധമാണ് സുഹാസിനിക്കെതിരെ ഉയർന്നത്. തുടർച്ചയായ ശരണം വിളികളോടെയും അസഭ്യവര്‍ഷത്തോടെയും പ്രതിഷേധക്കാര്‍ നിരന്നതോടെ യാത്ര അവസാനിപ്പിക്കാന്‍ സുഹാസിനി തീരുമാനിക്കുക ആയിരുന്നു.

എന്തു പ്രശ്നമുണ്ടെങ്കിലും മുന്നോട്ടു പോകാൻ വഴിയൊരുക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിൻവാങ്ങാൻ അവർ തീരുമാനിക്കുകയായിരുന്നു.നേരത്തെ പമ്പയില്‍വച്ച് പ്രതിഷേധക്കാര്‍ സുഹാസിനിയെ ശരണം വിളിച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് സുഹാസിനി ഇവരെ തന്റെ ഐ ഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. ​ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് സുഹാസിനി വ്യക്തമാക്കുകയും ചെയ്തിരുന്നു.