Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കൊരുങ്ങി ഐസിസി

ടെസ്റ്റ് ക്രിക്കറ്റില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കൊരുങ്ങി ഐസിസി. ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം നാല് ദിവസമാക്കി ചുരക്കി പരമാവധി മത്സരങ്ങളും ഡേ-നൈറ്റ് ആക്കി നടത്തുവാനാണ് ഐസിസി ആലോചിക്കുന്നത്. ഐസിസി ക്രിക്കറ്റ് ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡീസ് ആണ് ടെസ്റ്റ് ക്രിക്കറ്റില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ കുറിച്ച് സൂചന നല്‍കിയത്.

ടെസ്റ്റിനെ ജനകീയമാക്കാനാണ് പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ട് ഐസിസി ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനില്‍പ്പിന് തന്നെ അത്യാവശ്യമാണെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.

ടെസ്റ്റ് മത്സരങ്ങള്‍ പകലും രാത്രിയുമായി നടത്തുകയും, നാല് ദിവസത്തേക്ക് ചുരുക്കുകയും ചെയ്താല്‍ കാണികളേയും കൂടുതലായി സ്റ്റേഡിയങ്ങളിലേക്കെത്തിക്കാമെന്നാണ് ഐസിസിയുടെ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐസിസി നടത്തിയ പഠനത്തില്‍, ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളുടെ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് പോലും പകല്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐസിസിയുടെ പുതിയ പരിഷ്‌കരണങ്ങള്‍ എത്രത്തോളം ജനപ്രിയമാകുമെന്നത് കണ്ട് തന്നെ അറിയേണ്ടതുണ്ട്.