ബിജെപിയുടെ സ്ഥാപക നേതാവ് ജസ്വന്ത‌് സിങ്ങിന്റെ കുടുംബം കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
18 October 2018

ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മാനവേന്ദ്ര സിങ്ങിനൊപ്പം ഭാര്യ ചിത്ര സിങ്, ഇളയ സഹോദരന്‍ ഭൂപേന്ദ്ര സിങ് എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപി വിടുന്നതായി കഴിഞ്ഞമാസം മാനവേന്ദ്ര സിങ‌് പ്രഖ്യാപിച്ചിരുന്നു. വാജ‌്പേയിക്കും അദ്വാനിക്കുമൊപ്പം ബിജെപി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക‌് വഹിച്ച നേതാവാണ‌് ജസ്വന്ത‌് സിങ‌്. വിദേശകാര്യം, ധനം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ വാജ‌്പേയി സര്‍ക്കാരിന്റെ കാലത്ത‌് വഹിച്ചിരുന്നു. നരേന്ദ്ര മോഡി ബിജെപി നേതൃത്വത്തിലേക്ക‌് ഉയര്‍ന്നതോടെയാണ‌് ജസ്വന്ത‌് സിങ‌് തഴയപ്പെട്ടത‌്. 2014 തെരഞ്ഞെടുപ്പില്‍ സീറ്റ‌് നിഷേധിച്ചു. സ്വതന്ത്രനായി മത്സരിച്ചെങ്കിലും ജയിക്കാനായില്ല. അസുഖബാധിതനായ ജസ്വന്ത‌് നാലുവര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ‌്.

2004-2009 കാലയളവില്‍ ലോക്‌സഭാംഗമായിരുന്ന മാനവേന്ദ്ര സിങ് 2013ല്‍ ശിവ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് ജയിച്ചിരുന്നു.