ഹര്‍ത്താലില്‍ വ്യാപക അക്രമം;നൂറോളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ എറിഞ്ഞു തകര്‍ത്തു;മലപ്പുറത്ത് ഗര്‍ഭിണിക്കും ഭര്‍ത്താവിനും നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

single-img
18 October 2018

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പിയുടെ പിന്തുണയോടെ നടക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. മലപ്പുറത്ത് ഹര്‍ത്താലനൂകൂലികള്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

തിരൂര്‍ വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവരെയാണ് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും സംഘം തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയായിരുന്നു. ബൈക്ക് തട്ടിയെന്ന് പറഞ്ഞ് രാജേഷിനെയാണ് സംഘം ആദ്യം മര്‍ദ്ദിച്ചത്. ഇത് കണ്ട തടയാന്‍ ചെന്ന നിഷയെയും സംഘം മര്‍ദ്ദിക്കുകയായിരുന്നു.ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജെപി പിന്തുണയോടെ നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറും അക്രമവും. നൂറോളം കെഎസ്ആര്‍ടിസി ബസുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.

കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ അനുകൂല സംഘപരിവാര്‍ സംഘടനകള്‍ അക്രമങ്ങള്‍ കൂടുതലും അഴിച്ചുവിട്ടത്. തമിഴ്‌നാട്ടില്‍ നിന്നും, കര്‍ണാടകയില്‍ നിന്നും വന്ന സര്‍ക്കാര്‍ ബസ്സുകള്‍ ഓടാന്‍ അനുവദിച്ചില്ല. പോലീസ് സംയമനം പാലിച്ചതിനാലാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താല്‍ വൈകിട്ട് ആറ് വരേയും, അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹര്‍ത്താല്‍ രാത്രി 12 മണിവരെയുമാണ് നടക്കുക.