തൊഴിലാളികളുടെ പണിസാധനങ്ങള്‍ എടുത്ത് ദൂരേക്കെറിഞ്ഞു; ചുറ്റിക നീട്ടി ഭീഷണി മുഴക്കി; പരസ്യബോര്‍ഡ് നീക്കം ചെയ്യാനെത്തിയവരെ വിരട്ടിയോടിച്ച് സിദ്ദിഖ്‌

single-img
17 October 2018

പരസ്യ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയ തൃക്കാക്കര നഗരസഭാ തൊഴിലാളികളെ വിരട്ടിയോടിച്ച് നടന്‍ സിദ്ദിഖ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡില്‍ തൃക്കാക്കര ഭാരതമാതാ കോളേജിനു സമീപമാണ് സംഭവം. സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പരസ്യബോര്‍ഡ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങള്‍ തുടങ്ങുന്നത്.

റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ നീക്കി വന്ന തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമിയില്‍ റോഡിനോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഹോട്ടലിന്റെ ബോര്‍ഡിലും കൈവയ്ക്കാന്‍ തുടങ്ങി. ഉടന്‍ സിദ്ദിഖ് കാറില്‍ കുതിച്ചെത്തി. തൊഴിലാളികളുടെ പണിസാധനങ്ങള്‍ എടുത്ത് ദൂരേക്കെറിഞ്ഞ ശേഷം ചുറ്റിക നീട്ടി ഭീഷണി മുഴക്കി. തൊഴിലാളികള്‍ പേടിച്ച് പിന്‍മാറി. ഇന്നേരമെല്ലാം സിനിമാ ചിത്രീകരണമാണെന്നു കരുതി പ്രതികരിക്കാതിരിക്കുകയായിരുന്നു കാഴ്ചക്കാര്‍.

പിന്നീട് തൃക്കാക്കര നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴാണ് ഷൂട്ടിങ് അല്ലെന്ന് ചുറ്റും കൂടിയവര്‍ക്ക് വ്യക്തമായത്. റോഡരികിലെ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന് സെക്രട്ടറി വ്യക്തമാക്കിയപ്പോള്‍ തനിക്ക് മുന്നറിയിപ്പൊന്നും കിട്ടിയില്ലെന്നായി നടന്‍. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ടെന്നും വ്യക്തിപരമായി അറിയിക്കാനാവില്ലെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. എന്നിട്ടും തര്‍ക്കിച്ചുകൊണ്ടിരുന്ന സിദ്ദിഖ് മറ്റൊരു ഉദ്യോഗസ്ഥന്‍ നഗരസഭാ ഓഫീസില്‍ പോയി കൊണ്ടുവന്ന കോടതി ഉത്തരവ് കാണിച്ചതോടെ അല്പം ശാന്തനായി.

ഇതിനിടെ ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബഹളം വയ്ക്കാന്‍ തുടങ്ങി. സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ തടഞ്ഞു. നീണ്ട തര്‍ക്കത്തിനൊടുവില്‍ ബോര്‍ഡ് മാറ്റാന്‍ സാവകാശം വേണമെന്നായി നടന്‍. കോടതി ഉത്തരവുള്ളതിനാല്‍ സാവകാശം വേണമെന്ന നടന്റെ ആവശ്യം നഗരസഭാ അധികൃതര്‍ ആദ്യം അംഗീകരിച്ചില്ല. ഒടുവില്‍ തര്‍ക്കപരിഹാരത്തിനായി ഒരു മണിക്കൂറിനകം പരസ്യ ബോര്‍ഡ് നീക്കാമെന്ന് നടന്‍ പറഞ്ഞത് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചെങ്കിലും സംഭവ സ്ഥലത്ത് തടിച്ചുകൂടിയവര്‍ ഇതിനെതിരേ ബഹളംവച്ചു. പോലീസാണ് ഇവരെ ശാന്തരാക്കിയത്. ഉച്ചയ്ക്കുശേഷം നടന്‍ വിളിച്ചുവരുത്തിയ വിദഗ്ദ്ധ തൊഴിലാളികളെത്തി ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു.