കെ.പി. ശശികല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ?

single-img
17 October 2018

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധമുള്ള ശശികലയുടെ സാന്നിധ്യം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്.

ശബരിമലയ്ക്കടുത്ത് നിലയ്ക്കലിലെ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ നേതാവെന്ന നിലയില്‍ ഉയര്‍ന്നു വന്നത്. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കുമ്മനം രാജശേഖരന്‍ 23,835 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഇതാണ് ബിജെപി നേതാക്കള്‍ ശശികലയെ പരിഗണിക്കാൻ കാരണം. തൃശൂരോ പാലക്കാടോ ശശികലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തോട് എതിര്‍പ്പുള്ളവരും പാര്‍ട്ടിയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ശശികലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്കു ഗുണകരമാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

പാലക്കാട് പട്ടാമ്പി സ്വദേശിയാണ് കെ.പി.ശശികല. വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. കഴിഞ്ഞ മാസം ജോലിയില്‍ നിന്നു വിരമിച്ചു. 2003 മുതല്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2010 മുതല്‍ സംസ്ഥാന അധ്യക്ഷയായി. ‘എനിക്ക് രാഷ്ട്രീയ മോഹമില്ല, അസമയത്ത് അതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ’ എന്നായിരുന്നു സ്ഥാനാര്‍ഥിത്വ വാര്‍ത്തയോട് കെ.പി. ശശികലയുടെ പ്രതികരണം.

വിവിധ മേഖലകളിലെ പ്രമുഖരെയും സംഘപരിവാര്‍ സംഘടനകളിലെ ജനപിന്തുണയുള്ളവരെയും തിരഞ്ഞെടുപ്പു രംഗത്തേക്കു കൊണ്ടുവരാനാണ് ആലോചന. ആര്‍എസ്എസ് നേതൃത്വം അനുകൂലമായി പ്രതികരിക്കാത്തതാണ് മുന്നിലെ തടസം. സംഘപരിവാര്‍ സംഘടനകളിലുള്ളവര്‍ ആ മേഖലയില്‍ തന്നെ തുടരട്ടെയെന്ന നിലപാടിലാണ് ആര്‍എസ്എസ്. ഈ നിലപാടു മാറ്റാനാണ് പാര്‍ട്ടിയുടെ ശ്രമം.