റിട്ടയേർഡ് എ.എസ്.ഐ യുടെ വീട്ടില്‍ അതിക്ക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

single-img
17 October 2018

തിരുവനന്തപുരം: കഴകൂട്ടം കീരിക്കുഴിയില്‍ റിട്ടയേർഡ് എ.എസ്.ഐ യുടെ വീട്ടില്‍ അതിക്ക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. റിട്ടയേർഡ് എ.എസ്.ഐ രാജേന്ദ്രന്‍റെ മകനോടുള്ള വിരോധം കാരണം പ്രതികള്‍ ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി എ.എസ്.ഐ യെ വെട്ടിപ്പരിക്കേൽപ്പിക്കുവാന്‍
ശ്രമിക്കുകയും വീട്ടുപകരണങ്ങളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്യുകയായിരുന്നു.

അരിശം തീരാത്ത പ്രതികള്‍ അയൽപക്കത്തുള്ള വീടിൻറെ ജനല്‍ ചില്ലുകൾ അടിച്ചു പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷമാണ് ഓടി മറഞ്ഞത്.

കഴക്കൂട്ടം നെട്ടയക്കോണം കൊച്ച്കുന്നിന്‍പുറത്ത് ഗോപകുമാര്‍ മകന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അഖില്‍ (27), കഴക്കൂട്ടം നെട്ടയക്കോണം ആര്‍.എസ്.നിവാസില്‍ രവീന്ദ്രന്‍ മകന്‍ ഹരിപ്പ്രസാദ് (30), കഴക്കൂട്ടം കിഴക്കുംഭാഗം നേതാജി ലൈനില്‍ ശശിധരന്‍ മകന്‍ വിനീഷ് (30) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇതിൽ വിനീഷ് മറ്റനവധി കേസിലെ പ്രതിയും ഈ അടുത്തിടെ മാധ്യമപ്രവർത്തകനെ തടഞ്ഞു നിർത്തി പണം അപഹരിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയതുമായിട്ടുള്ളതാണെന്നും മൂവർക്കെതിരെയും ഐ പി സി 308 പ്രകാരം കേസ് എടുത്തതായും കഴകൂട്ടം എസ്.എച്ച്.ഒ എസ്.വൈ.സുരേഷ് ഇ വാർത്തയോട് പറഞ്ഞു.