മൂന്ന് ദിവസത്തിനകം അമ്മ എക്‌സിക്യൂട്ടീവ് വിളിക്കുമെന്ന് ജഗദീഷ്;ദിലീപിന്റെ സെറ്റില്‍ വച്ച്‌ സിദ്ദിഖ് പത്രസമ്മേളനം നടത്തിയതിന്റെ ഉദ്ദേശ ശുദ്ധി ആരു സംശയിച്ചാലും തെറ്റ് പറയാനാകില്ല

single-img
17 October 2018

കൊച്ചി:അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി മൂന്ന് ദിവസത്തിനകം ചേരുമെന്ന് അമ്മ വക്താവും ട്രഷററുമായ ജഗദീഷ് പറഞ്ഞു. അമ്മ പ്രസിഡന്റിന്റെ അനുവാദത്തോടെ താന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പിനെ കുറിച്ചും അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസത്തെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് അദ്ദേഹം അറിയിച്ചു.

മോഹന്‍ലാല്‍ രാജിവെക്കുമെന്ന തരത്തില്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജഗദീഷ് പറഞ്ഞു.

കുറ്റാരോപിതനായ നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച്‌ പത്രസമ്മേളനം വിളിച്ചതിന്റെ ഉദ്ദേശ ശുദ്ധി സംശയിച്ചാല്‍ തെറ്റുപറയാനാകില്ലെന്ന് നേരത്തെ ജഗദീഷ് പറഞ്ഞിരുന്നു.സിദ്ദിഖിന്റെത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്, ജനറല്‍ ബോഡി ഉടന്‍ വിളിക്കില്ലെന്ന് സിദ്ദിഖിന് എങ്ങനെ തീരുമാനിക്കാനാകും, അത് എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് തീരുമാനിക്കുന്നത്. ജനറല്‍ ബോഡി കൂടണം എന്ന കാര്യത്തില്‍ സംശയമില്ല. ലളിത ചേച്ചി വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടിയത് ആരുടെ അറിവോടും സമ്മതത്തോടു കൂടിയാണ്. ലളിത ചേച്ചി സംഗീത അക്കാദമി ചെയര്‍ പേഴ്‌സണ്‍ ആയിരിക്കും. എന്നുവച്ച്‌ ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച്‌ സംസാരിക്കാന്‍ പറ്റില്ല.
സംഘടനയില്‍ നിന്ന് രാജിവച്ച്‌ പുറത്തുപോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം എന്നോട് പറഞ്ഞതാണെന്നും ജഗദീഷ് പറഞ്ഞു.